ഇഷ്ടിക

ഇഷ്ടിക
ഇഷ്ടിക
ഇഷ്ടിക

വേദഗ്രന്ഥങ്ങൾ മുതലിങ്ങോട്ട് പരാമർശമുള്ളതും ഇന്നും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ആയ ഒരു കെട്ടിടനിർമ്മാണസാമഗ്രിയാണ് ഇഷ്ടിക. വേദഗ്രന്ഥങ്ങളിളെ അഥവാ പുരാതന ഗ്രന്ഥങ്ങളിലെ പരാമർശം എന്ന് പറഞ്ഞാൽ ചുമ്മാ അങ്ങ് പരാമർശിച്ചു പോവുകയല്ല. ഒരു എഞ്ചിനീയറിംഗ് ടെക്സ്റ്റ് ബുക്കിലെ പോലെ അതിന്റെ ഉല്പാദനവും, തരം തിരിവുകളും, ഉപയോഗിക്കേണ്ട വിധവും എന്ന് വേണ്ട സ്റ്റാൻഡേർഡ് സൈസുകൾ വരെ വിശദമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതിൽ നിന്നും ഏതാനും ശകലങ്ങൾ ആണ് പോസ്റ്റിൽ പറയാനുദ്ദേശിക്കുന്നത്.

പൗരാണിക ഇഷ്ടിക നിർമ്മാണത്തിന്റെ ഒരു ഏകദേശ രൂപം താഴെ പറയും പ്രകാരമാണ്.

● ഇഷ്ടികകൾ ഒരേ വലിപ്പത്തിലും ചതുരവടിവോടെയുള്ള മൂലകളോടും കൂടിയതായിരിക്കണം

● സാധാരണ ഇഷ്ടികയുടെ വലിപ്പം 9x7x3 തശു ആയിരിക്കണം. ഒരു തശു 3.75 സെന്റീമീറ്റർ. അതായത് ഏതാണ്ട് 34x26x11 സെന്റീമീറ്റർ. പ്രത്യേക ആവശ്യങ്ങൾക്കായി മറ്റു രൂപങ്ങളിലും വലിപ്പങ്ങളിലും ഉള്ള ഇഷ്‌ടകകളും നിർദ്ദേശിക്കപ്പെട്ടുട്ടുണ്ട്. ഹാരപ്പ മോഹൻ ജൊദാരോ ഇഷ്ടികയുടെ വലിപ്പം 40x20x10 സെന്റീമീറ്റർ ആണ്.

● കളിമണ്ണ്, ചെമ്മണ്ണ്‌, മരച്ചില്ലകളോ കരിയിലകളോ കത്തിച്ച ചാരം, പശുവിന്റെയോ കുതിരയുടെയോ ചാണകം എന്നിവയാണ് കൂട്ട്.

● ഈ കൂട്ട് വെള്ളം ചേർത്തു കുഴച്ച് നല്ല അയവുള്ള മാവ് പരുവമാക്കണം

● മണ്ണിൽ ചരൽ അശേഷം പാടില്ല. ഒന്നുകിൽ അരിക്കണം അല്ലെങ്കിൽ അരക്കണം.

● പലക കൊണ്ട് അച്ചുണ്ടാക്കി കുഴച്ച മണ്ണ് അതിൽ നിറക്കണം

● ശേഷം വെയിലിൽ വെച്ചു പാതിയുണക്കി ചൂളയിൽ വെച്ചു വേവിച്ചെടുക്കണം

മധ്യഭാരതത്തിലും ദക്ഷിണ ഭാരതത്തിലും അഞ്ചാം നൂറ്റാണ്ടിൽ തന്നെ വ്യാപകമായി പ്രചാരത്തിലിരുന്ന മയാമതം എന്ന വാസ്തുശാസ്ത്ര ഗ്രന്ഥം പറയുന്നത് നോക്കുക. [ചിത്രം 1]

അതായത്, ഗൃഹനിർമ്മാണത്തിൽ മണ്ണ്, ഇഷ്ടിക, നീറ്റുകക്ക/ചുണ്ണാമ്പുകല്ല്, ശിലകൾ, തടി, ലോഹങ്ങൾ, അമൂല്യരത്നങ്ങൾ എന്നിവ ഉപയോഗിക്കേണ്ടതാകുന്നു. ചെമ്പ്, ഓട് മുതലായ ലോഹങ്ങളും വിലപിടിച്ച രത്നങ്ങളും ഗൃഹനിര്മാണത്തിന് ഉപയോഗിക്കാനുള്ള വിധികൾ ആ കാലഘട്ടത്തിലെ സമ്പന്നതയുടെ നേർസാക്ഷ്യമായി ഇന്നും ആ ഗ്രന്ഥത്തിൽ ഉറങ്ങുന്നു.

ഗോര കുംഭാർ ഇഷ്ടികകൾ
--------------------------------------------
 മഹാരാഷ്ട്രയിലെ കുര്ദുവാദിക്കടുത്ത് നിന്നും കണ്ടെത്തിയ സാന്ദ്രത കുറഞ്ഞ എന്നാൽ വളരെ ബലവത്തായ ഇഷ്ടികകൾ ആണ് ഗോര കുംഭാർ ഇഷ്ടികകൾ. സാന്ദ്രത കുറവായത് മൂലം ഇവ വെള്ളത്തിൽ മുങ്ങിപ്പോവുകയില്ല. സാധാരണ ഇഷ്ടികയുടെ പത്തിലൊന്ന് മാത്രം ഭാരമുള്ള ഈ ഇഷ്ടികകളിൽ ഉള്ള പരസ്പര ബന്ധിതമായ സൂക്ഷ്മസുഷിരങ്ങൾ ആണ് ഇവയുടെ ഭരക്കുറവിന് കാരണം. അന്നത്തെഇവയുടെ ഉത്പാദനരീതി 
 
ഇന്ന് ഇതേ രീതിയിൽ സിമന്റിൽ സൂക്ഷ്മസുഷിരങ്ങളോടെ നിർമ്മിക്കുന്ന aerocon block കൾ അത്യന്താധുനിക ടെക്നോളജി ആയിട്ടാണ് നമ്മൾ കണക്കാക്കുന്നത് എന്നോർക്കണം. ഗോര കുംഭാർ ഇഷ്ടികകൾ നിർമ്മിക്കപ്പെട്ടിരുന്നത് 1267 മുതലും. അതായത് ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് വീണ്ടും വീണ്ടും നിലകൾ പടുത്തുയർത്തേണ്ടി  വരുമ്പോൾ പരമാവധി ഭാരം കുറഞ്ഞ നിർമ്മാണസമിഗ്രികൾ വേണം. കാരണം നേരത്തെ നിർമ്മിച്ച അസ്ഥിവാരത്തിന് ഈ അധിക നിലകളുടെ ഭാരം പരിഗണിക്കപ്പെട്ടിരുന്നില്ല. അത്തരം ഒരു ഡിമാന്റിനു വേണ്ടി ഇത്തരം ഒരു സാങ്കേതികവിദ്യ വികസിക്കണമെങ്കിൽ ആ ഡിമാന്റ് അത്ര വലുതായിരുന്നിരിക്കണം. അതായത് മേൽപ്പറഞ്ഞ പോലെ മുത്തും പവിഴവും വെച്ചു വീട് പണിതിട്ടും വീണ്ടും വീണ്ടും മുകളിലേക്ക് കെട്ടിപ്പൊക്കാൻ പാകത്തിന് അഭിവൃദ്ധിയാർജ്ജിച്ച ഒരു സംസ്കാരം നിലനിൽക്കുന്നിടത്തെ അത് സാധ്യമാവൂ.

ഇഷ്ടികകൾ പടുക്കുന്ന രീതികൾ
-----------------------------------------------------

നമ്മൾ സാധാരണയായി കണ്ടിട്ടുള്ളത് രണ്ട് തരം പടവുകൾ ആണ്. ഒന്ന് നീളത്തിൽ വെച്ചു പോകുന്ന ഇംഗ്ലീഷ് ബോണ്ട്. രണ്ട് ഒരിഷ്ടിക നീളത്തിലും അടുത്തത് കുറുകെയും വെക്കുന്ന ഫ്ലെമിഷ് ബോണ്ട്. ഇത് നമ്മൾ ഇന്ന് കാണുന്ന സായിപ്പ് കൊണ്ടുവന്ന സൈസിലുള്ള ഇഷ്ടികകളിൽ ചെയ്യുന്ന പടവുകൾ ആണ്. എന്നാൽ പുരാതന ഗ്രന്ഥങ്ങളിലെ ഇഷ്ടികക്ക് ഒരു ഭിത്തിയുടെ അത്രതന്നെ വീതി ഉള്ളത് കൊണ്ട് കുറുകെ വെക്കുന്ന വിഷയം ഉദിക്കുന്നില്ല. അതിനാൽ അടുത്തടുത്ത വരിയിലെ ഇഷ്ടികയുടെ ജോയിന്റുകളിൽ വരുന്ന കയറ്റിറക്കം അനുസരിച്ചാണ് പടവുകളിലെ തരം തിരിവ്.

ഏഴ് തരം പടവുകൾ ആണ് ഉള്ളത്. ചിത്രം 2 കാണുക

റെഫെറൻസ്: ബൗദ്ധയാന ശുൽഭസൂത്രം, വാസ്തുരത്നാകരം

താഴെപ്പറയുന്ന പ്രകാരമുള്ള ഇഷ്ടികകൾ ഒരു കാരണവശാലും നിർമ്മാണത്തിൽ ഉപയോഗിക്കരുത് എന്ന് ഈശാന ശിവഗുരുദേവ് പദ്ധതി, ഹായശീർഷം, പഞ്ചതന്ത്രം, ശതപത്ത ബ്രാഹ്മണം, ബൗദ്ധയാന ശുൽഭസൂത്രം എന്നീ ഗ്രന്ഥങ്ങൾ നിഷ്കര്ഷിക്കുന്നു.

● അളവുകളിൽ വ്യതിയാനം ഉള്ളവ
● ഒരേ പോലെ വേകാത്തവ
● അകവും പുറവും നിറവ്യത്യാസം ഉള്ളവ. ഇതിന് പലപ്പോഴും കാരണം വേണ്ടത്ര വേവുന്നതിന് മുന്നേ ചൂള പൊളിക്കുന്നതാണ്.
● മൂലകൾ പൊട്ടിയവ
● ചെറിയ ചരൽതരികൾ, കരിക്കട്ട എന്നിവ കലർന്നത്

ഇന്ന് എട്ടും പത്തും രൂപക്ക് വാങ്ങുന്ന ഇഷ്ടികകൾ എത്രകണ്ട് ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് നോക്കുക. ഈ മാനദണ്ഡങ്ങൾ പാലിച്ച് ഈ സൈസിൽ ഒരു ഇഷ്ടിക വ്യാവസായികമായി ഉൽപാദിപ്പിക്കാൻ ഇന്നത്തെ കണക്കിൽ കട്ടയൊന്നിന് നൂറ് രൂപയോളം വരും. പുരാതന നിർമ്മിതികളുടെ ഈടിന് വേറെ കാരണം തേടണോ... അന്നത്തെ ഒറ്റമുണ്ടുടുത്ത് നടന്ന സ്ഥപതികളോട് ഇന്നും നമുക്ക് പുച്ഛമല്ലേ. യഥാർത്ഥത്തിൽ ഈ ഇഷ്ടികയല്ല, അവ ഇപ്രകാരം കണിശതയോടെ ചെയ്തെടുക്കുന്ന ആ സ്ഥപതികളുടെ കാര്യക്ഷമതയാണ് പൗരാണിക നിർമ്മിതികളുടെ ഈട്. 

പല ആവശ്യങ്ങൾക്കായി നിഷ്കര്ഷിക്കപ്പെട്ട ഇഷ്ടികകളുടെ സ്റ്റാൻഡേർഡ് സൈസുകളും രൂപങ്ങളും ചിത്രത്തിൽ. [ചിത്രം 3]

ഇഷ്ടികകൾ മൂന്ന് തരം
-------------------------------------

ശില്പതന്ത്രം, കശ്യപശില്പം, ഈശാന ശിവഗുരുദേവ് പദ്ധതി എന്നീ ഗ്രന്ഥങ്ങൾ ഇഷ്ടികകളെ മൂന്നായി തരം തിരിക്കുന്നു.

പുരുഷഗുണമുള്ളവ: ഇവയാണ് സാധാരണ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. കൃത്യമായ ചതുരവടിവിൽ ആയിരിക്കണം ഇവയുടെ നിർമ്മാണം. ഇഷ്ടിക പടുക്കുമ്പോൾ പുറമേക്കും അകത്തേക്കും വരുന്ന ഭാഗങ്ങൾ ഒരേ അളവ് ആയിരിക്കണം. എല്ലാ മൂലകളും കൃത്യം മട്ടം ആയിരിക്കണം. നമ്മൾ സാധാരണ കാണുന്ന ഇഷ്ടിക ഇത്തരത്തിൽ ഉള്ളതാണ്.

സ്ത്രൈണഗുണമുള്ളവ: ഇവക്ക് പുറം വശത്തിനെക്കാൾ അകത്തെക്കുള്ള വശം നീളം കുറവ് ആയിരിക്കും. എല്ലാ ഇഷ്ടികക്കും നേരിയ, എന്നാൽ ഒരേ പോലുള്ള വളവ് ഉണ്ടായിരിക്കും. ക്ഷേത്രനിർമ്മാണങ്ങൾക്ക്, അതും പ്രധാനമായി ദേവീക്ഷേത്രങ്ങളുടെ നിര്മാണത്തിനാണ് ഇത്തരം ഇഷ്ടികകൾ ഉപയോഗിക്കുന്നത്.

നപുംസകഗുണമുള്ളവ: ഇത് പൊതുവേ മുകളിലെ രണ്ട് തരം ഇഷ്ടികകൾ നിർമ്മിക്കുമ്പോൾ കൃത്യതക്കുറവ് മൂലം ഒഴിവാക്കപ്പെടുന്ന റിജക്ഷൻ പീസുകൾ ആണ്. മൂലകൾ മട്ടം ആവില്ല, എഡ്ജുകളുടെ അളവുകളിൽ വ്യതിയനമുണ്ടാവും, വളവും തിരിവും കാണും. എന്നാൽ ചില പ്രത്യേക സന്ദർഭങ്ങളിൽ ഇത്തരം ഇഷ്ടികകൾ നിർമ്മിച്ചു ഉപയോഗിക്കാറും ഉണ്ട്.

ഇഷ്ടിക നിർമ്മാണം
---------------------------------

ഇളം ചുവപ്പുള്ള കളിമണ്ണാണ് ഇഷ്ടിക നിർമ്മാണത്തിന് ഉത്തമം എന്ന് നിഷ്കര്ഷിച്ചിരിക്കുന്നു. അതിന് പുറമേ പശിമയുള്ള ചെമ്മണ്ണും ചേർക്കണം. കളിമണ്ണിന്റെ ലഭ്യതയും, ചെമ്മണ്ണിന്റെ പശിമക്കും അനുസരിച്ച് അനുപാതം മാറും. അത് സ്ഥപതിയുടെ മനോധർമ്മം ആണ്.

ഇവ രണ്ടും ചേർത്ത മിശ്രിതത്തിലേക്ക് wood ash അഥവാ മരം കത്തിച്ച ചാരം, പശുവിന്റെയോ കുതിരയുടെയോ ചാണകം എന്നിവ ചേർക്കുന്നു. ഇവിടെയും അനുപാതം സ്ഥപതിയുടെ മനോധർമ്മമാണ്.

ശേഷം വെള്ളം ചേർത്തു കട്ടിക്കുഴമ്പു പരുവമാക്കി പലക കൊണ്ടുണ്ടാക്കിയ അച്ചിൽ നിറച്ചു വെയിലിൽ ഉണങ്ങാൻ വെക്കുന്നു. ശുൽഭസൂത്രത്തിൽ അച്ചുകളുടെ സ്റ്റാൻഡേർഡ് സൈസുകൾ നൽകിയിട്ടുണ്ട്. പാതിയോളം ഉണക്കം ആയതിന് ശേഷം ഓരോ അച്ചിലെയും മണ്ണ് ഒന്നുകൂടെ അടിച്ച് അമർത്തുന്നു. വശങ്ങളും മൂലകളും കൃത്യമാവാൻ വേണ്ടിയാണിത്.

തുടർന്ന് അടച്ചുറപ്പുള്ള വായു അകത്തോട്ട് കടക്കാത്ത ചൂളയിൽ വെച്ച് വേവിക്കുന്നു. 15 ദിവസം തീ കെടരുത് എന്നാണ് ശില്പരത്നം, ശില്പദീപക് എന്നീ ഗ്രന്ഥങ്ങൾ  നിഷ്ക്കർഷിക്കുന്നത്. ഇന്ന് ചുടാനുള്ള ഇഷ്ടിക കൊണ്ട് തന്നെ ചൂളയുണ്ടാക്കി അതിനകത്ത് തീയിടുകയാണ് പതിവ്. അതിനാൽ തന്നെ പുറമെ ഇരിക്കുന്നവയ്ക്ക് അകത്ത് ഇരിക്കുന്നവയെക്കാൾ വേവ് കുറവും ആയിരിക്കും. അതായത് പുരാതനമായ ക്വാളിറ്റി സ്റ്റാൻഡേർഡ് വെച്ച് 20% പോലും ഉപയോഗിക്കാൻ കഴിയില്ല.

15 ദിവസങ്ങൾക്ക് ശേഷം ചൂള തുറന്ന് ചൂടാറുന്ന മുറക്ക് ഇഷ്ടികകൾ പുറത്തെടുത്ത് വെള്ളത്തിൽ മുക്കിയിടണം. നിർമാണത്തിന് ഉപയോഗിക്കുന്നതിന് മുൻപ് 6 മുതൽ 12 മാസങ്ങൾ വരെ ഇങ്ങനെ വെള്ളത്തിൽ മുങ്ങി കിടക്കണം എന്നാണ് വിധി. ഇന്ന് ചൂളയിൽ തീ കെടുത്തിയാൽ പിറ്റേന്ന് മുതൽ ഇഷ്ടിക ടിപ്പറിൽ കയറും. നമ്മുടെ സൈറ്റിൽ വന്ന് നമ്മൾ നനച്ചാൽ നനച്ചു. അല്ലെങ്കിൽ ഭിത്തി പണിതതിന് ശേഷമുള്ള നനപ്പ് മാത്രം.

ഇപ്രകാരം 6-12 മാസങ്ങൾ വെള്ളത്തിൽ മുക്കിയിട്ടതിന് ശേഷം തിരിച്ചെടുക്കുമ്പോൾ ആണ് മുകളിൽ പറഞ്ഞ ഉപയോഗയോഗ്യമല്ലാത്ത ഇഷ്ടികകൾ തരം തിരിക്കുന്നത്. നപുംസകഗുണം ഉള്ളവയും മറ്റും മാറ്റിയിടുന്നു. 

മുകളിൽ പറഞ്ഞ ചേരുവകൾ കൊണ്ട് ആവശ്യമുള്ള കൺസിസ്റ്റൻസി കിട്ടിയില്ലെങ്കിൽ സ്ഥപതിയുടെ യുക്തിക്കനുസരിച്ച് കറയുള്ള പല തരം മരങ്ങളുടെ തോൽ അരച്ചതോ, തൃഫല തിളപ്പിച്ചു വറ്റിച്ചതോ ഒക്കെ ഉപയോഗിക്കാം. ചിതൽ, മറ്റു കീടങ്ങൾ എന്നിവയുടെ ശല്യം നിയന്ത്രിക്കാനും ഇവ ഉപയോഗിക്കാം.

ഇത്രയും പ്രക്രിയകൾ കഴിഞ്ഞ ഇഷ്ടികകൾ ആണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളെ ഇന്നും തലയുയർത്തി നിർത്തുന്നത്. അതിനെയാണ് നമ്മൾ പാടത്ത് നിന്ന് കുട്ടക്കണക്കിന് കളിമണ്ണ് വാരി കട്ടയുണ്ടാക്കി പത്ത് ഓലക്കീറും കൂട്ടിയിട്ട് കത്തിച്ചുണ്ടാക്കുന്ന ഇഷ്ടികയുമായി താരതമ്യം ചെയ്യുന്നത്. എന്നിട്ട് ഇപ്പഴത്തെ കട്ടക്കൊന്നും ഗുണം പോരെന്ന് പരാതി പറയുന്നത്. എന്നിട്ട് സഹ്യന്റെ മാറു പിളർന്ന് കരിങ്കല്ല് കൊണ്ടുവന്ന് തറയും ഭിത്തിയും കൂരയുമെല്ലാം തീർക്കുന്നത്. എന്നിട്ട് എന്തൊരു ചൂട് എന്ന് പരിഭവിക്കുന്നത്.

#KnowYourRoots

What's Your Reaction?

like

dislike

love

funny

angry

sad

wow