എന്നു മുതലാണ് പ്രണയം ഇത്രമേൽ സാർവത്രികമായത്

എന്നു മുതലാണ് പ്രണയം ഇത്രമേൽ സാർവത്രികമായത്

എന്നുമുതലാണ് മനുഷ്യൻ പ്രണയിക്കാൻ തുടങ്ങിയത്?

ഈ ചോദ്യത്തിന് സഹിത്യപരമായോ കാല്പനികതയിൽ ഊന്നിയോ മറുപടി പറയാൻ ശ്രമിച്ചാൽ അനേകം അതിമനോഹരമായ വാചകങ്ങൾ ചമക്കാൻ നമുക്ക് കഴിയും. മരവുരിയുടുത്തും ഉടുക്കാതെയും നടന്ന ആദിമമനുഷ്യന്റെ പളുങ്കിനൊത്ത പ്രണയത്തിനെ എത്ര വേണേലും കാവ്യാത്മകമാക്കാം. എന്നാൽ ഈ വ്യാവഹാരിക ലോകത്തെ പ്രായോഗികതയിൽ ഊന്നിക്കൊണ്ട്‌ ഒന്ന് ചിന്തിച്ചു നോക്കുക...

ഇന്നും സിനിമാക്കഥകളിൽ പോലും പ്രാരാബ്ധങ്ങളുമായി നെട്ടോട്ടം ഒടുന്നവനെ പ്രണയിക്കാൻ സമയമില്ലാത്തവൻ അല്ലെങ്കിൽ മറന്നു പോയവൻ എന്നൊക്കെയാണ് പറയാറുള്ളത്. യഥാർത്ഥ ലോകത്തും അതങ്ങനെ തന്നെ. അപവാദങ്ങൾ ഇല്ലെന്നല്ല. അപവാദങ്ങൾ സിദ്ധാന്തവൽക്കരിക്കാൻ ആവില്ലല്ലോ....

അപ്പോൾ പ്രണയിക്കാൻ വേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഭവം സമയമാണ്. വേറെ എന്തുണ്ടെങ്കിലും പരസ്പരം മാറ്റി വെക്കാൻ സമയമില്ലെങ്കിൽ എന്ത് പ്രണയം? അപ്പോൾ എന്താണ് ഈ "സമയം" എന്നുകൂടി പറഞ്ഞു വെക്കണം. ക്ലോക്കിലോ കലണ്ടറിലോ കാണുന്ന സമയമല്ല ഇവിടെ വിഷയമാകുന്നത്. ഒരു വ്യക്തിയുടെ മെന്റൽ ബാൻഡ്വിഡ്ത്ത് ആണ്. സ്വതവേ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന സകല കാര്യങ്ങളുടെയും കൂടെ പ്രണയവും കൈകാര്യം ചെയ്യാനുള്ള ശേഷി. ഈ പ്രണയം എന്നത് മനുഷ്യന്റെ ഒത്തിരി സമയവും ഊർജ്ജവും ഊറ്റിയെടുക്കുന്ന ഏർപ്പാട് കൂടിയാണ് എന്നോർക്കണം. (ഇവിടെ പുരുഷന്മാർ യോജിക്കാനും സ്ത്രീകൾ വിയോജിക്കാനും സാധ്യതയുണ്ട്. കാരണം വഴിയേ പറയാം) ഇതിന് കഴിഞ്ഞില്ലെങ്കിൽ ഒന്നുകിൽ പ്രണയം തകരും അല്ലെങ്കിൽ അയാളുടെ മറ്റു കാര്യങ്ങൾ കുത്തഴിഞ്ഞു പോകും. ഒരുപക്ഷേ അതുകൊണ്ടായിരിക്കണം മിക്ക പ്രണയങ്ങളും തളിരിടുന്നത് കൗമാരത്തിന്റെ അവസാനമോ യൗവനത്തിന്റെ ആദ്യ പാദത്തിലോ ആവുന്നത്. സമയവും ഊർജ്ജവും ആ പ്രായത്തിൽ ഉള്ളത്ര വേറെ ഏത് പ്രായത്തിലും ഇല്ലല്ലോ. വരുംവരായ്കകളെ കുറിച്ച് വലിയ ആശങ്കകളും ഇല്ല.

എന്നാൽ ഇവിടെ സ്ത്രീകൾ കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ സമയവും പ്രണയവും കൈകാര്യം ചെയ്യുന്നത് കാണാം. ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ഒരേ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാനുള്ള കഴിവ് സ്ത്രീകളുടെ സവിശേഷതയാണ്. അനേകം പ്രശ്നങ്ങളിൽ പെട്ടുഴലുമ്പോഴും സ്ത്രീകൾക്ക് പ്രണയവും അതിന്റെ തീക്ഷണതയും നിലനിർത്തി കൊണ്ടുപോവാൻ സാധിക്കും. പുരുഷന് അതിന്റെ ഒരംശം പോലും സാധ്യമല്ല. മിക്കവാറും കമിതാക്കൾ ആദ്യമായി തെറ്റുന്നതും ഇത്തരത്തിൽ ഉള്ള എന്തേലും കാരണം കൊണ്ടായിരിക്കും. ഒരു പ്രണയം തകർന്നാൽ കൂടുതൽ കാലം കൂടുതൽ തിക്തമായ മനോവേദനകളിലൂടെ കടന്നുപോകുന്നത് സ്ത്രീകളായിരിക്കും. അത്ര വരില്ലെങ്കിലും ഏതാണ്ട് അതിനോടടുത്ത മനഃപ്രയാസം പുരുഷൻ അനുഭവിക്കുന്നത് അയാളുടെ ഉപജീവനമാർഗം അനിശ്ചിതാവസ്ഥയിൽ ആകുമ്പോഴാണ്. ഇവ രണ്ടും ഇരുലിംഗക്കാർക്കും പരസ്പരം മനസ്സിലാവാനും സ്വീകാര്യമാവാനും വലിയ ബുദ്ധിമുട്ടാണ്. ഇനി മനസ്സിലായാൽ തന്നെ ഈ ഒരറിവ് വെച്ച് സ്വയം ക്രമീകരിക്കുന്നതും ഏറെക്കുറെ അസാധ്യമാണ്. അതിന്റെ വേരുകൾ ഹോമോ സാപ്പിയൻസിനും മുൻപുള്ള പൂർവികരിലേക്ക് നീളുന്നതാണ്.

ഇനി ആദ്യം ചോദിച്ച ചോദ്യത്തിലേക്ക് തിരിച്ചു വരാം..... എന്നുമുതലാണ് നമ്മൾ ഇക്കാണുന്ന പോലെ പ്രണയിക്കാനൊക്കെ തുടങ്ങിയത്? കാലം പുറകോട്ട് പോകുന്തോറും പ്രണയത്തിന്റെ ഇന്ന് കാണുന്ന സാർവത്രികത കുറഞ്ഞു വരുന്നത് കാണാം. അതിനോടൊപ്പം കുറയുന്ന മറ്റൊന്ന് കൂടിയുണ്ട്. സാങ്കേതികവിദ്യ....

Sounds absurd right?

അതെ, വളരുന്ന സാങ്കേതികവിദ്യയാണ് മനുഷ്യന് ഡിസ്പോസിബിൾ ടൈം യാഥാർഥ്യമാക്കിയത്. അഥവാ പ്രണയിക്കാൻ സമയം ലഭ്യമാക്കിയത്. ഓർക്കണം.... ഏതാണ്ട് 10 ചതുരശ്ര കിലോമീറ്റർ നിത്യേന അലഞ്ഞിട്ടാണ് പഴയ വേട്ടക്കാരനായ മനുഷ്യൻ സ്വന്തം കുടുംബത്തിന് വേണ്ട ഭക്ഷണം ശേഖരിച്ചിരുന്നത് എന്നാണ് ഒരു എസ്റ്റിമേറ്റഡ് കണക്ക്. ഈ സമയം സ്ത്രീകളും വെറുതെ ഇരിക്കുന്നില്ല. കൊച്ചു കുട്ടികളുമായി അവരും ചുറ്റുവട്ടങ്ങളിൽ ഭക്ഷണം ശേഖരിക്കാൻ ഇറങ്ങും. ഇളംപ്രായത്തിൽ തുടങ്ങുന്ന ഈ ചര്യ ആരോഗ്യമുള്ളിടത്തോളം തുടരും. ഇതിനിടയിൽ പ്രണയിച്ചു നടക്കാനുള്ള സമയമോ മെന്റൽ ബാൻഡ്വിഡ്ത്തോ എവിടെ? (വീണ്ടും, സ്ത്രീകൾ മാത്രം വിയോജിക്കാം, സ്ത്രീകൾ മാത്രം)

അവിടുന്ന് ശിലായുഗ ആയുധങ്ങൾ വന്നപ്പോൾ വേട്ട കുറെ കൂടി എളുപ്പമായി. വേട്ടയുടെ അളവും കൂടി. തന്മൂലം വേട്ടയുടെ ആവൃത്തി കുറഞ്ഞപ്പോൾ ആളുകൾക്ക് കൂടുതൽ സമയം ലഭ്യമായി. പിന്നീട് പത്ത് ചതുരശ്ര കിലോമീറ്ററിലെ ഭക്ഷണ ശേഖരണം കൃഷിയുടെ ആവിർഭാവത്തോടെ ശരാശരി ഒരു ചതുരശ്ര കിലോമീറ്ററിലേക്ക് ചുരുങ്ങുകയും വർഷത്തിൽ 2-3 ആവൃത്തി കൃഷി ചെയ്യുക എന്ന രീതി സാർവത്രികമാവുകയും ചെയ്തതോടെ വീണ്ടും സമയ ലഭ്യത വർദ്ധിച്ചു. പിന്നീട് ലോഹയുഗങ്ങൾ ആയുധങ്ങളുടെ കാര്യക്ഷമതയും ലഭ്യതയും കൂട്ടിയപ്പോൾ ആളുകൾക്ക് ലഭ്യമാകുന്ന ഡിസ്പോസിബിൾ ടൈം വീണ്ടും കൂടി. വ്യവസായവൽക്കരണവും ഇന്ന് പടിവാതിൽക്കൽ വന്നു നിൽക്കുന്ന റോബോട്ടിക്‌സും എല്ലാം ചെയ്യുന്നത് മനുഷ്യന് അധികമായി സമയവും ഇടവും (time and space) ലഭ്യമാക്കുക എന്നതാണ്.

അങ്ങനെ ഇന്നത്തെ ഹോമോ സാപ്പിയനുകൾ ഇന്ന് ഇക്കാണുന്ന പോലെ സാംസ്കാരികമായി, അഥവാ ഈ ഡിസ്പോസിബിൾ ടൈം എന്തെന്ന് അറിഞ്ഞുകൊണ്ട് ജീവിക്കാൻ തുടങ്ങിയിട്ട് പത്തു പന്ത്രണ്ടായിരം വർഷമേ ആയിട്ടുള്ളൂ. അതിന് മുന്നേ ഹോമോ സാപ്പിയൻസ് ആയിട്ട് തന്നെ മനുഷ്യൻ രണ്ട് ലക്ഷത്തോളം വർഷങ്ങൾ ജീവിച്ചു. അതിനും മുന്നേ പ്രൈമേറ്റുകൾ ആയി ജീവിച്ചത് അനേകം മില്യൺ വർഷങ്ങൾ. ഓർക്കണം.... ഇന്നും മനുഷ്യന്റെ DNA ആ പ്രൈമേറ്റുകളുടെ DNA ൽ നിന്ന് കഷ്ടിച്ച് 2% മാത്രം വ്യത്യസ്തമാണ്. അതൊരു പറയത്തക്ക വ്യത്യാസമേ അല്ല. പറയത്തക്ക വ്യത്യാസം ചിന്ത കൊണ്ട് പ്രവൃത്തികളെ നിയന്ത്രിക്കാനുള്ള കഴിവ് മാത്രമാണ്. ആ കഴിവ് നമ്മൾ കാര്യമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഏതാനും ആയിരം വർഷങ്ങളെ ആയിട്ടുള്ളൂ എന്നാണ് ഈ പറഞ്ഞു വെച്ചത്.

ഇവിടെ രസകരമായ ഒരു പാരഡോക്‌സ് ഉടലെടുക്കുന്നത് കാണാം. ചിന്തിക്കാനും ആ ചിന്തകൾ കൊണ്ട് പ്രവൃത്തികൾ നിയന്ത്രിക്കാനുമുള്ള കഴിവ് ഉപയോഗിച്ച് മനുഷ്യൻ എത്രകണ്ട് ജീവിതം എളുപ്പമാക്കുകയും സംസ്കാരങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്നോ അത്രയും അധികം സമയവും സ്വയം ലഭ്യമാക്കുന്നു. ഈ അധികമായി ലഭ്യമാകുന്ന സമയം എപ്രകാരം എന്തിനൊക്കെ എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നതിന്റെ മാനദണ്ഡം അവൻ തന്നെ നിരന്തരം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന സംസ്കാരങ്ങൾ മാറ്റി മാറ്റി നിർണയിച്ചു കൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ എന്തൊരു വിഭവത്തിന്റെ ലഭ്യതക്ക് വേണ്ടിയാണോ മാനവരാശി ഈ സാംസ്കാരിക സാങ്കേതിക നൈരന്തര്യം തുടരുന്നത് ആ വിഭവം എങ്ങനെ ഉപയോഗിക്കണം എന്നതും അതിനൊപ്പം പരിവർത്തനത്തിന് വിധേയമാകുന്നു. അതായത് ഈ പണിയെടുത്തുണ്ടാക്കുന്ന സാധനം എപ്രകാരം ഏറ്റവും നന്നായി ഉപയോഗിക്കണം എന്ന് ഒരുകാലത്തും മനുഷ്യന് നിയതമായ ഒരു ധാരണയുണ്ടാവില്ല. ഒരു ധാരണയായി വരുമ്പോഴേക്കും കാലവും കോലവും മാറിക്കാണും, ആ ധാരണ കാലഹരണപ്പെടുകയും ചെയ്യും.

മുകളിലെ പാരഗ്രാഫ് വായിച്ച മിക്കവർക്കും സ്ത്രീപുരുഷ ഭേദമെന്യേ എവിടെയോ ഒരു അസ്വീകര്യത തോന്നിക്കാണും. സ്വാഭാവികമാണ്..... എന്നാൽ ആ അസ്വീകാര്യതക്കും ഒരു വ്യത്യസ്തത കാണും. സ്വയം പരിശോധിച്ചാൽ മതി. ഇത്രയും വായിച്ചു വന്നപ്പോഴേക്കും പുരുഷന്മാർ പ്രണയം എന്ന വിഷയത്തിൽ നിന്നും കുറച്ചൊക്കെ (പൂർണമായല്ല) തെന്നി മാറി സാംസ്കാരിക നൈരന്തര്യത്തിന്റെ സാങ്കേതികതകളിലേക്കും ഇതിൽ താൻ സമയം കൈകാര്യം ചെയ്യുന്ന രീതികളിലേക്കും ശ്രദ്ധ തിരിഞ്ഞു കാണും. എന്നാൽ സ്ത്രീകൾ ഇപ്പോഴും പ്രണയം എന്ന വിഷയത്തിൽ തന്നെ നിന്നുകൊണ്ട് ഇയാളെന്താണ് (അതായത് ഇതെഴുതുന്ന നോം) ഈ കാട് കയറുന്നത് എന്ന ചിന്തയിലായിരിക്കും. മേൽപ്പറഞ്ഞ ടൈം മാനേജ്മെന്റ് സംബന്ധിച്ച ചിന്തയും ഇരുകൂട്ടരിലും വ്യത്യസ്തമായിരിക്കും. പുരുഷന്മാർക്ക് മുകളിലെ പാരഗ്രാഫ് വായിക്കുമ്പോൾ കൂടുതലും തന്റെ പ്രൊഫഷണൽ ജീവിതത്തിലെ ടൈം മാനേജ്‌മെന്റിനെ കുറിച്ചായിരിക്കും ചിന്തകൾ. എന്നിട്ട് താൻ ഇത്രയും ജോലിതിരക്കുകൾ ഉണ്ടായിട്ടും ഈ പ്രണയമൊക്കെ മാനേജ് ചെയ്യുന്നുണ്ടല്ലോ എന്ന്. എന്നാൽ സ്ത്രീകളുടെ തലയിലൂടെ മിന്നിമറിയുന്ന കാര്യങ്ങൾ അതിന്റെ പല മടങ്ങായിരിക്കും. അളവിലും സങ്കീർണതയിലും.... അതിൽ തന്നെ പ്രൊഫഷണൽ ലൈഫിന്റെ ടൈം മാനേജ്‌മെന്റിന് പേഴ്‌സണൽ ലൈഫിന് ശേഷമായിരിക്കും പ്രയോറിറ്റി. എന്നിട്ട് സ്ത്രീ പറയുന്നത്, ഇക്കണ്ട overwhelming emotional tedium ന് പുറമേ താൻ ജോലി കൂടെ മാനേജ് ചെയ്യുന്നുണ്ടല്ലോ, പിന്നെന്താണ് എന്നായിരിക്കും. രണ്ടു ചിന്തകളിലെയും വ്യത്യാസം ശ്രദ്ധിക്കണം. വീണ്ടും, ഇതിന്റെ വേരുകൾ കിടക്കുന്നത് ആ പഴയ പൂർവികരിലാണ്.

രണ്ടേ രണ്ടു കാര്യങ്ങൾ പറയാനാണ് ഇത്രയും പറഞ്ഞെത്തിച്ചത്.

1. ഡിസ്പോസിബിൾ ടൈം കാലഘട്ടത്തിനും സാങ്കേതിക വിദ്യക്കും അനുസരിച്ച് ലഭ്യത കൂടിക്കൊണ്ടിരിക്കും. ഈ അധിക സമയം കൂടുന്നതിന് അനുസരിച്ച് നാട്ടിൽ കമിതാക്കളും കൂടും.

2. ഈ അധിക സമയം സ്ത്രീ തന്റെ വ്യക്തിജീവിതത്തിലെ വൈകാരികപരിസരങ്ങൾ മനോഹരമാക്കുന്നതിനായി വിനിയോഗിക്കാൻ ആഗ്രഹിക്കുമ്പോൾ പുരുഷൻ തന്റെ ഉത്പാദനപരത മെച്ചപ്പെടുത്താൻ ആണ് ആഗ്രഹിക്കുക. അല്ലാതുള്ള ചിന്തകൾക്കും പ്രവൃത്തികൾക്കും അധികം പഴക്കമില്ല, അഥവാ അതിന് മനുഷ്യൻ വേണ്ടത്ര കണ്ടീഷൻ ചെയ്യപ്പെട്ടിട്ടില്ല.

സ്ത്രീകളുടെ വൈകാരികപരതക്കും പുരുഷന്മാരുടെ ഉത്പാദനപരതക്കും ലക്ഷക്കണക്കിന് വർഷങ്ങളുടെ പരിണാമ നൈരന്തര്യത്തിന്റെ പിൻബലമുണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. അതിനാൽ തന്നെ ഓരോ കാലഘട്ടത്തിലും ഈ അധികമായി കിട്ടുന്ന ഡിസ്പോസിബിൾ സമയം സ്ത്രീകൾ തന്റെ വൈകാരികപരതയെ തൃപ്തിപ്പെടുത്താനും പുരുഷന്മാർ ഉത്പാദനപരതയെ തൃപ്തിപ്പെടുത്താനും താത്പര്യപ്പെടുന്നത് സ്വാഭാവികതയും ആണല്ലോ. ഈ സ്വാഭാവികമായ വൈരുദ്ധ്യം അവരുടെ അന്യോന്യം ഉള്ള തിരഞ്ഞെടുപ്പിലും കാണുമല്ലോ.... അതാത് കാലഘട്ടങ്ങളിൽ ഈ ഡിസ്പോസിബിൾ സമയം ഉപയോഗിക്കുന്നതിൽ മനുഷ്യന് പൊതുവിൽ ഉള്ള അവ്യക്തത ഈ വൈരുദ്ധ്യങ്ങളുടെ സങ്കീർണത കൂട്ടുകയും ചെയ്യുമല്ലോ....

ഈ പശ്ചാത്തലത്തിൽ ഒരു സ്ത്രീ തന്റെ പുരുഷനെ തിരഞ്ഞെടുക്കുന്നതിൽ നടത്തുന്ന ഹോം വർക്ക് ഒരു പുരുഷനിൽ നിന്ന് എങ്ങനെയാണ് വ്യത്യസ്തമാവുന്നത്?

സ്ത്രീക്ക് അവളുടെ പുരുഷൻ നല്ലൊരു provider ആയിരിക്കണം എന്നതിന് പുറമേ അവൾക്ക് emotionally manageable കൂടി ആയിരിക്കണം. രണ്ടും ഒന്നിനൊന്ന് പ്രധാനമാണ്. എന്നാൽ പുരുഷന് ശാരീരികമായ ആകർഷണം തന്നെ ധാരാളമാണ്. ഏറിയാൽ തന്റെ providing capacity ൽ തൃപ്തിപ്പെടുന്നവളാണോ എന്നു നോക്കും.

ഓരോ സ്ത്രീക്കും അവർക്ക് എപ്രകാരമുള്ള പുരുഷനെ വേണം എന്നതിനെ കുറിച്ച് കൃത്യമായ ഒരു ചെക്ക്ലിസ്റ്റ് കാണും. ഓരോരുത്തരുടെ ബൗദ്ധികശേഷിക്ക് അനുസരിച്ച് ചിലർക്ക് ആ ചെക്ക്ലിസ്റ്റ് വാക്കുകൾ കൊണ്ട് express ചെയ്യുന്നതിൽ പരിമിതികൾ ഉണ്ടാവാം. എന്നാൽ അവരെ ആ ആവശ്യങ്ങളുടെ പട്ടിക തീർച്ചയായും നയിക്കുന്നുണ്ടാവും. അതിന് നിരുപാധികമായ ഒരു നൈരന്തര്യവും അവർ പ്രതീക്ഷിക്കും. എന്നാൽ പുരുഷന് അപ്രകാരം ഒരു നീണ്ട ചെക്ക്ലിസ്റ്റ് വിരളമായെ കാണൂ. അഥവാ പെങ്കൊച്ചിനെ വളക്കാൻ നടക്കുന്ന പയ്യന്മാർ യഥാർത്ഥത്തിൽ അവൾക്ക് വളഞ്ഞു കൊടുക്കുമ്പോഴാണ് പെങ്കൊച്ച് വളഞ്ഞു എന്നൊരു മിഥ്യാധാരണ ഉണ്ടാവുന്നത്. ചെറുക്കൻ ആ പെണ്ണിനെ അളന്നതിന്റെ പല മടങ്ങ് ആഴത്തിലും പരപ്പിലും അവൾ തിരിച്ച് അളന്ന് കാണും.

ഓരോ കാലഘട്ടത്തിലും മാറിക്കൊണ്ടിരിക്കുന്ന ടൈം മാനേജ്‌മെന്റിന്റെ അവ്യക്തതയെ കുറിച്ചു പറഞ്ഞല്ലോ.... ഇതുമൂലം അത്യന്തം സങ്കീർണ്ണമായ സ്ത്രീജനങ്ങളുടെ താൽപര്യങ്ങളെ decipher ചെയ്യുന്നതിൽ തീർത്തും അശക്തനായ പുരുഷൻ എത്ര ശുദ്ധഗതിക്കാരൻ ആകുന്നോ അത്രയും കെണികളിൽ അകപ്പെടാനുള്ള സാധ്യത കൂടും. അതായത് പുരുഷന്റെ ഈ ദൗർബല്യം ജനറ്റിക്കലും ബയോളജിക്കലും ആണ്. അതായത് എളുപ്പം undo ചെയ്യാനാവില്ല. നേരെ തിരിച്ച് കെണിയലകപ്പെടുന്ന പൊട്ടിപ്പെണ്ണുങ്ങൾ സോഷ്യൽ കണ്ടീഷനിങ്ങിന്റെ സൃഷ്ടിയാണ്. താരതമ്യേന എളുപ്പം undo ചെയ്യാവുന്ന ഒന്നാണ്.

വ്യക്തമായ ചെക്ക്ലിസ്റ്റ് വെച്ച് പുരുഷനെ തിരഞ്ഞെടുത്ത സ്ത്രീകൾക്ക് പിന്നീട് ആ ചെക്ക്ലിസ്റ്റ് honour ചെയ്യപ്പെടാതെ വരുമ്പോഴും ആ ചെക്ക്ലിസ്റ്റിനോട് കൂടുതൽ ചേർന്നു നിക്കുന്ന വേറൊരാളെ കാണുമ്പോഴും (പ്രത്യേകിച്ച് മറ്റൊരു സ്ത്രീയുടെ കൂടെ) ഉള്ളിൽ നുരയുന്ന അപകടകരമായ ആ intense aggression നെ moderate/nullify ചെയ്യുന്നത് വീണ്ടും സോഷ്യൽ/മോറൽ കണ്ടീഷനിങ്ങാണ്. ആ സോഷ്യൽ കണ്ടീഷനിങ് കാലോചിതമാം വിധം സംഭവിക്കാത്ത പെണ്ണിനെ ആണ് വളച്ചതെങ്കിൽ(?) ആ ചെറുക്കൻ വലിയ അപകടത്തിലാണ്. ചെറുക്കന് കിട്ടുന്നത് ജ്യൂസാണോ കഷായമാണോ കൊട്ടേഷനാണോ എന്നു പറയാനൊക്കില്ല. എന്നാൽ തിരിച്ച് തന്റെ മനസ്സിനിണങ്ങാത്ത ഒരു പെണ്ണിനെയാണ് ഒരു പുരുഷന് കിട്ടുന്നതെങ്കിൽ അവൻ ചിലപ്പോ രണ്ട് പെഗ് കൂടുതലടിക്കും. ഏറിക്കവിഞ്ഞാൽ ഒരു സ്റ്റെപ്പിനി സെറ്റപ്പ്.... അതിനപ്പുറമുള്ള ഉപദ്രവങ്ങൾക്കും അക്രമങ്ങൾക്കും അവൻ മുതിരുന്നുണ്ടെങ്കിൽ അതിന് കാരണം മിക്കവാറും സാമ്പത്തികമായിരിക്കും.

മനുഷ്യൻ പോളിഗാമിസ്റ്റ് ആണെന്ന വസ്തുത പറയുന്നത് പോലും അശ്ലീലമായ സോഷ്യൽ/മോറൽ കണ്ടീഷനിങ്ങോട് കൂടിയാണ് നമ്മൾ ജീവിക്കുന്നത്. അത് അത്ര തെറ്റൊന്നുമല്ല. സമൂഹത്തിലെ കുറച്ച് സംഘർഷങ്ങൾ ഒന്നുമല്ല ഈ ഒരൊറ്റ കണ്ടീഷനിങ് കൊണ്ട് ഇല്ലാതാവുന്നത്. എന്നിരുന്നാലും ആ വസ്തുത മനുഷ്യന്റെ ജനിതകത്തിൽ പ്രവർത്തിക്കാതിരിക്കില്ലല്ലോ. ചിന്തകളെ തീർത്തും അപ്രസക്തമാക്കി അതിനതീതമായി ഒരു സാധാരണ മനുഷ്യനെ നയിക്കുന്ന ഏറ്റവും ശക്തമായ ചോദന ഏതെന്ന് ചോദിച്ചാൽ അത് എതിർലിംഗത്തോടുള്ള ഭ്രാന്തമായ ആകർഷണമാണ്. എന്നാൽ ഏറ്റവും അപകടകരമായത് ഏതെന്ന് ചോദിച്ചാൽ താൻ ആകര്ഷിക്കപ്പെട്ടത് തെറ്റായ ദിശയിലേക്കാണ് എന്ന തോന്നലാണ്. ഇവിടെയും സ്ത്രീ പുരുഷ ഭേദങ്ങൾ ബാധകം തന്നെ. എന്നിരുന്നാലും ഫലം ഏറെക്കുറെ ഒരേ തരം അപകടം തന്നെ.

ഇനി ഇതൊക്കെ അറിഞ്ഞത് കൊണ്ട് ഈ അവസ്ഥാവിശേഷങ്ങളിൽ എന്തേലും മാറ്റം വരുമോ? 

സാധ്യത തുലോം കുറവാണ്. 

പിന്നെ ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാണ്?

കിട്ടാനുള്ള പണിയൊക്കെ മേടിച്ചു കെട്ടി ജീവനോടെ ബാക്കിയുണ്ടെങ്കിൽ എന്താപ്പണ്ടായേ എന്നൊരു ചിന്ത വരുമല്ലോ.... ആ ചിന്താഭാരത്തിന് ഒരു പരിഹാരം. അത്ര മാത്രം.

What's Your Reaction?

like

dislike

love

funny

angry

sad

wow