വ്യവസായത്തേക്കാൾ നികുതി വെട്ടിപ്പിൽ പ്രാഗത്ഭ്യം തെളിയിച്ച സാരാഭായ് കുടുംബം

1976 മാർച്ച് 1..... അഹമ്മദാബാദിലെ സാരാഭായ് കുടുംബത്തിന് അതൊരു തിരക്കിട്ട ദിവസമായിരുന്നു. 67 കുടുംബ ട്രസ്റ്റുകൾ ആണ് ആ ഒരൊറ്റ ദിവസം അവർക്ക് സൃഷ്ടിക്കേണ്ടിയിരുന്നത്. അതിൽ 15 എണ്ണം ആനന്ദ് സാരാഭയിയുടെ പേരിൽ.... 12 എണ്ണം ആനന്ദിന്റെ പിതാവ് സുഹൃദ് സാരാഭയിയുടെ പേരിൽ... 13 എണ്ണം സുഹൃദ് സാരാഭയിയുടെ അനുജൻ വിക്രം സാരാഭയിയുടെ മകളും വിഖ്യാത നർത്തകിയും ആയ മല്ലിക സാരാഭയിയുടെ പേരിൽ.... ഇതുപോലെ ആ ബൃഹത്തായ കുടുംബത്തിലെ അനവധി നിരവധി ശാഖകളിലേക്ക് ട്രസ്റ്റുകൾ ചെന്നെത്തി.

തൊട്ടടുത്ത ദിവസവും ഒട്ടും മോശമല്ലായിരുന്നു. 35 ട്രസ്റ്റുകൾ ആണ് രണ്ടാം തിയ്യതി രൂപീകരിച്ചത്. അപ്രകാരം എട്ടാം തിയ്യതി പിന്നിടുമ്പോഴേക്കും സാരാഭായ് കുടുംബത്തിലെ പലരുടെയും പേരിലായി 200ൽ അധികം ട്രസ്റ്റുകൾ രൂപീകരിച്ചു കഴിഞ്ഞിരുന്നു.

വരുമാന നികുതി ഉദ്യോഗസ്ഥരുടെ പഴുതടച്ച അന്വേഷണങ്ങളിൽ സാരാഭായ് കുടുംബം എല്ലാ സാമ്പത്തിക വർഷാവസാനത്തിലും, അതായത് മാർച്ച് മാസത്തിൽ, ഇത്തരത്തിൽ നിരവധി ട്രസ്റ്റുകൾ രൂപീകരിക്കുന്നത് പതിവായിരുന്നു എന്ന് കണ്ടെത്തി. രണ്ട് കൊല്ലം മുന്നേ അതായത് 1974 മാർച്ചിൽ ഇപ്രകാരം രൂപീകരിക്കപ്പെട്ടത് 400 ട്രസ്റ്റുകൾ ആണ്. 1980 ആകുമ്പോഴേക്കും, ഇന്ത്യയിലെ എണ്ണം പറഞ്ഞ സമ്പന്ന കുടുംബമായ സാരാഭായ് തറവാട്ടിലെ 20 പേരുടെ പേരിലായി 2000ൽ അധികം ട്രസ്റ്റുകൾ നിലവിൽ വന്നു കഴിഞ്ഞിരുന്നു. 

ട്രസ്റ്റുകൾക്ക് പേരിടാൻ കുടുംബാംഗങ്ങൾ തികയാതെ വന്നപ്പോൾ ഓരോരുത്തർക്കും നമ്പറിട്ടു കൊണ്ടുള്ള ട്രസ്റ്റുകൾ വന്നു.... ഇത്തരത്തിൽ ഗൗതം സാരാഭായ് 1, ഗൗതം സാരാഭായ് 2 എന്നിങ്ങനെ ഗൗതം സാരാഭായ് 128 വരെ ട്രസ്റ്റുകൾ ഉണ്ടായിരുന്നു. എന്നിട്ടും തികയാതെ ഇംഗ്ളീഷ് അക്ഷരമാലകളും അക്കങ്ങളും ചേർത്ത കോഡുകൾ വെച്ച്, MG T61 Trust, AZ-8152-NZA Trust എന്നിങ്ങനെ ട്രസ്റ്റുകൾ രൂപീകരിച്ചു.

എന്തിനാണ് ഇത്രയും ട്രസ്റ്റുകൾ?

സംശയമെന്ത്.... Wealth Tax, Income Tax, Estate Duty എന്നിങ്ങനെ ഒരു നിര നികുതികൾ വെട്ടിക്കുന്നതിന് വേണ്ടി തന്നെ.

കുടുംബാംഗങ്ങളുടെ പേഴ്സണൽ ഫിനാൻസ് ആവശ്യങ്ങൾക്ക് വേണ്ടിയാണെന്നും, 20 ട്രസ്റ്റായാലും 2000 ട്രസ്റ്റായാലും ഒരേ tax implication ആണെന്നും, ഇതെല്ലാം പലപല തലമുറകളിലെ വെവ്വേറെ കുടുംബങ്ങളുടെ ആണെന്നും ഒക്കെ പറഞ്ഞ് സാരാഭായ് കുടുംബം അനവധി നിരവധി വാദമുഖങ്ങൾ നിരത്തി പ്രതിരോധിച്ചു കൊണ്ടിരുന്നു.

എന്തൊക്കെ തന്നെയായാലും, ഒരുപക്ഷേ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പതിറ്റാണ്ടിൽ പോലും രാജ്യം കണ്ടിട്ടില്ലാത്ത അളവിലുള്ള, അത്യന്തം ആസൂത്രണ മികവോടെയുള്ള, അനിതരസാധാരണവും അതിവിശാലവുമായ നികുതി തട്ടിപ്പിനാണ് ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ, ബഹുമാന്യരായ കുടുംബങ്ങളിലൊന്ന് മുതിർന്നത് എന്നത് അവിടെ തെളിയുകയായിരുന്നു.

തങ്ങളുടെ 400 കോടിയുടെ ബിസിനസ് കെടുകാര്യസ്ഥത കൊണ്ട് നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചെങ്കിലും നികുതി വെട്ടിപ്പ് ബിസിനസിൽ സമാനതകളില്ലാത്ത പ്രാഗത്ഭ്യമാണ് സാരാഭായ് കുടുംബം കാഴ്ച വെച്ചത് എന്ന് അഭിപ്രായപ്പെട്ടത് അന്നത്തെ ഒരു മുതിർന്ന നികുതി വിഭാഗം ഉദ്യോഗസ്ഥനാണ്.

സാരാഭായ് കുടുംബം സ്വയം ഏറ്റുപറഞ്ഞ വെട്ടിപ്പിന് അടവാക്കേണ്ട നികുതി തന്നെ അന്നത്തെ 3 കോടിയിൽപരം രൂപയായിരുന്നു എന്നറിയുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കാൻ കഴിയുക. തുടർന്ന് ഓരോ ട്രസ്റ്റുകളും 10-20 ലക്ഷം വെച്ച് പ്രതിമാസം നികുതി കുടിശികയും പിഴയും അടച്ചു തീർക്കേണ്ടതായും വന്നു.

അതീവ സൂക്ഷ്മതയോടെയും പ്രാഗത്ഭ്യത്തോടെയും നടത്തിയ ഈ തട്ടിപ്പിന്റെ ചുരുളഴിക്കാൻ നികുതി ഉദ്യോഗസ്ഥർക്ക് 8-9 മാസത്തോളം കഠിന പ്രയത്നം നടത്തേണ്ടി വന്നു. അക്ഷരാർത്ഥത്തിൽ, ഇന്ത്യയുടെ ചരിത്രത്തിൽ അതിന് മുൻപും ശേഷവും ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം സാരാഭായ് കുടുംബത്തിലെ ഒന്നൊഴിയാതെ സകലരെയും വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്യേണ്ടതായി വന്നു. സാരാഭായ് കുടുംബത്തിന്റെ പേറോളിൽ പ്രവർത്തിച്ചിരുന്ന അഭിഭാഷക സംഘം കയ്യും മെയ്യും മറന്ന് നികുതിവകുപ്പിന്റെ ആരോപണങ്ങളെ ഖണ്ഡിക്കാൻ വീറോടെ മത്സരിച്ചു.

എന്നിട്ടും സംശയതിനിടയില്ലാത്ത വിധം നികുതി വകുപ്പ് കണ്ടെത്തിയ ഞെട്ടിക്കുന്ന നിരവധി വസ്തുതകകളിൽ ചിലത് താഴെ കൊടുക്കുന്നു.

● 1970കളുടെ ആദ്യ പകുതിയിൽ മല്ലിക സാരാഭായ് സ്ഥാപിച്ച ഒരു ട്രസ്റ്റിന്റെ വരുമാനം അടുത്ത 21 മാസത്തിന് ശേഷം, അവരുടെ കസിൻ ആയ പല്ലവിയുടെ മൂന്നാമത്തെ കുട്ടിക്ക് കൈമാറേണ്ടതാണ് എന്നെഴുതി വെച്ചിരുന്നു. എന്നാൽ ഈ പല്ലവി അന്ന് വിവാഹം പോലും കഴിച്ചിരുന്നില്ല, ആ പെണ്കുട്ടിക്ക് 16 വയസ്സ് പോലും തികഞ്ഞിരുന്നില്ല. ഇതേ പ്രകാരം ജീവിച്ചിരുന്നവരും അല്ലാത്തവരുമായ ഇളയച്ഛന്മാരുടേയും വല്യച്ഛന്മാരുടെയും അമ്മാവന്മാരുടെയും ഒക്കെ പേരിലേക്ക് വരുമാനം പോകുന്നതായി കാണിച്ച് മറ്റനേകം ട്രസ്റ്റുകളും മല്ലിക സാരാഭായ് ഇതേ സമയം സ്ഥാപിക്കുകയുണ്ടായി.

● പല ട്രസ്റ്റുകളുടെയും ഇത്തരം ബെനിഫിഷ്യറികൾ 60-70 വയസ്സുള്ളവരും പ്രസ്തുത ട്രസ്റ്റിന്റെ വരുമാനം അവർക്ക് പല പതിറ്റാണ്ടുകൾക്ക് ശേഷം കൈവശം വരുന്ന രീതിയിലും ആയിരുന്നു രേഖകൾ

● ചില ട്രസ്റ്റുകളിൽ ബെനിഫിഷ്യറി ആരെന്ന് പരാമര്ശിച്ചിട്ടു പോലും ഉണ്ടായിരുന്നില്ല. പകരം കുടുംബത്തിലെ ചിലർക്ക് ബെനിഫിഷ്യറിയെ നിർദ്ദേശിക്കാനുള്ള പ്രൊവിഷൻ ആണ് കൊടുത്തിരുന്നത്

● ഒരുവിധം എല്ലാ ട്രസ്റ്റുകളുടെയും ഡീഡുകൾ വെറും ഫോട്ടോസ്റ്റാറ്റ് കോപ്പി പോലുള്ള ഫോർമാറ്റുകൾ ആയിരുന്നു. പേരും ഡേറ്റും മാത്രം ഒഴിവാക്കി ബാക്കി എല്ലാം ഒരേ ഫോർമാറ്റിൽ ഉള്ള ആയിരക്കണക്കിന് ഡീഡുകൾ

● 1981ൽ ട്രസ്റ്റുകൾക്കുള്ള നികുതി ഇളവുകൾ സർക്കാർ പിന്വലിച്ചതിന് ശേഷം ഒറ്റ ട്രസ്റ്റ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല

● മിക്ക ട്രസ്റ്റുകളും വെറും കടലാസ് ട്രസ്റ്റുകൾ മാത്രമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ പ്രവർത്തിച്ചിരുന്ന ഏതാനും ട്രസ്റ്റുകൾ അവ ഡിക്ലയർ ചെയ്ത ആക്ടിവിറ്റികൾ അല്ല ചെയ്തിരുന്നത്. ആതുര സേവനത്തിന് രജിസ്റ്റർ ചെയ്ത സാരാഭായ് ഫൗണ്ടേഷൻ 16 ഏക്കർ വരുന്ന മാവും ചെറുനാരകവും വളർത്തുന്ന ഫാം നടത്തുകയായിരുന്നു. നികുതി ഉദ്യോഗസ്ഥർ കണ്ടെത്തിയപ്പോൾ അത് ട്രസ്റ്റിന്റെ പേരിലുള്ള ഗവേഷണ വിഭാഗത്തിന് കൃഷിയിൽ റിസർച്ചിന് വേണ്ടിയുള്ള തോട്ടമാണ് എന്നാണ് സാരാഭായ് കുടുംബം അവകാശപ്പെട്ടത്. എന്നാൽ തുടർന്ന് നടന്ന ഒരു സർപ്രൈസ് ഇൻസ്പെക്ഷനിൽ അതും കളവാണ് എന്ന് തെളിഞ്ഞു

● സാരാഭായ് കുടുംബത്തിന്റെ തന്നെ Calico Mills ന്റെ ഉടമസ്ഥതയിലുള്ള Calico Museum മേൽപ്പറഞ്ഞ സാരാഭായ് ഫൗണ്ടേഷന്റെ പേരിലേക്ക് മാറ്റപ്പെട്ടു. ട്രസ്റ്റിന്റെ പേരിൽ ആയാൽ wealth tax അടക്കേണ്ടതില്ല എന്ന അന്നത്തെ നിയമം ദുരുപയോഗം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.

ഇപ്രകാരം അനവധി നിരവധി കണ്ടെത്തലുകളിലൂടെ സാരാഭായ് ട്രസ്റ്റുകൾ പൂർണമായും നികുതി വെട്ടിപ്പിന് വേണ്ടി നിലവിൽ വന്നവയാണെന്നും, അതിനാൽ കടുത്ത പിഴ ഈടാക്കേണ്ടതാണ് എന്നും നികുതി വിഭാഗം തീരുമാനത്തിലെത്തി.

തീർന്നില്ല....

ഈ ട്രസ്റ്റുകൾക്ക് പുറമേ സാരാഭായ് കുടുംബത്തിന്റെ തന്നെ പേരിലുള്ള നാനൂറോളം ഇന്വെസ്റ്മെന്റ് കമ്പനികളും കണക്കുകളിൽ കൃത്രിമം കാണിച്ച് നികുതി വെട്ടിച്ചതായി കണ്ടെത്തിയിരുന്നു. പ്രതിവർഷം അന്നത്തെ 40 ലക്ഷം രൂപ നികുതി അടക്കേണ്ടത് 5 ലക്ഷമായാണ് കൃത്രിമത്തിലൂടെ കുറച്ചെടുത്തത്. പല വ്യാജ കമ്പനികളും സ്ഥാപിച്ച് അവയുടെ പേരിലാണ് സാരാഭായ് കുടുംബത്തിന് വേണ്ട ഫ്രിഡ്ജുകൾ, എസികൾ എന്നിങ്ങനെയുള്ള വീട്ടുപകരണങ്ങൾ വാങ്ങിയിരുന്നത്. കുടുംബത്തിന്റെ കോടികൾ വിലമതിക്കുന്ന ആഭരണ ശേഖരവും ഈ കമ്പനികളുടെ പേരിലാണ് കണക്ക് കൊള്ളിച്ചിരുന്നത്. എന്തിന്.... വീട്ടിലേക്കുള്ള വഴിയിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ കണക്ക് വരെ ഇത്തരം കമ്പനികളുടെ കണക്കിൽ ആയിരുന്നു.

എന്തിന്? 1% വരുന്ന wealth tax ലാഭിക്കാൻ വേണ്ടി. കമ്പനികൾക്ക് മേൽ wealth tax ബാധകമല്ലായിരുന്നു. അന്നത്തെ മൂല്യം വെച്ച് ഏതാണ്ട് 40 കോടിയുടെ ആസ്തികളാണ് ഇത്തരത്തിൽ കമ്പനികളുടെ പേരിലേക്ക് വക മാറ്റി 40 ലക്ഷത്തോളം നികുതി വെട്ടിച്ചത്. അന്നത്തെ വില വെച്ച് ഈ തുക കൊണ്ട് 20 കിലോയോളം സ്വർണ്ണം കിട്ടുമായിരുന്നു. ഇന്നത്തെ മൂല്യം വെച്ച് ഏതാണ്ട് 12 കോടിക്ക് തുല്യമായ തുക ഓരോ വർഷവും വെട്ടിച്ചു പോന്നു എന്നർത്ഥം.

പല വൻകിട ബിസിനസ് കുടുംബങ്ങളും അക്കാലത്ത് സമാനമായ കളികൾ കളിക്കാറുണ്ടെങ്കിലും സാരാഭായ് കുടുംബം അവരെക്കാളെല്ലാം ബഹുദൂരം മുന്നിലായിരുന്നു. 15 കോടിയുടെ ആഭരണങ്ങൾ കൈകാര്യം ചെയ്യാൻ മാത്രം 36 വ്യാജ കമ്പനികൾ ആണ് അവർ രൂപീകരിച്ചത്. തുടർന്ന് ഈ കമ്പനികളിൽ നിന്ന് ഈ 15 കോടിയുടെ ആഭരണങ്ങൾ വർഷം 500 രൂപക്ക് വാടകക്ക് എടുക്കുന്നതായും രേഖയുണ്ടാക്കി. ഈ ആഭരണങ്ങൾ എല്ലാം ഇരുന്നിരുന്നത് അതത് കുടുംബാംഗങ്ങളുടെ സ്വന്തം ലോക്കറുകളിൽ തന്നെയായിരുന്നു താനും.

ഇതിന്റെയെല്ലാം പ്രധാന സൂത്രധാരൻ ആയിരുന്ന ഗൗതം സാരാഭായ് ഇത്തരമൊരു കമ്പനിയിൽ നിന്ന് 6.04 ലക്ഷം രൂപ മെഡിക്കൽ അലവൻസ് ആയി എഴുതി എടുത്തിരുന്നു. ആ കമ്പനിയിൽ നിന്ന് അദ്ദേഹത്തിന് രേഖകൾ പ്രകാരം ആ കാലത്ത് നല്കപ്പെട്ടിരുന്ന മാസശമ്പളം കേവലം ഒരു രൂപയായിരുന്നു. അദ്ദേഹത്തിന്റെ പത്നി കമാലിനി ദേവിയുടെ ചികിത്സക്ക് വേണ്ടി പല തവണ കുടുംബത്തോടെ അമേരിക്കയിൽ പോയി വന്നതിന്റെ യാത്രാ ചിലവും, ആശുപത്രി ചിലവുകളും, അമേരിക്കയിലെ പല ഡോക്ടർമാരെ ഇങ്ങോട്ട് കൊണ്ടുവന്നതിന്റെ ചിലവും എല്ലാം ഉൾപ്പെട്ടിരുന്നു. എന്നാൽ ഇപ്പറയുന്ന കമാലിനി ദേവി എന്ന അദ്ദേഹത്തിന്റെ പത്നി ഇതിനെല്ലാം മുന്നേ മരണപ്പെട്ടിരുന്നു!

ഈ കമ്പനികളിൽ പലതും അന്യോന്യവും സാരാഭായ് കുടുംബത്തിലെ വ്യക്തികൾക്കും സെയിൽസും സർവീസുകളും നടത്തിയതായി ബില്ലുകൾ ഫയൽ ചെയ്തിരുന്നു. ഈ ബില്ലുകളിൽ പണം വരവ് വെക്കേണ്ടത് ലാഭം ഉണ്ടാക്കുന്ന കമ്പനികൾ/വ്യക്തികളിൽ നിന്നാണെങ്കിൽ ഉയർന്ന ബിൽ തുകയും തിരിച്ചാണെങ്കിൽ ചിലപ്പോൾ ഫ്രീ സർവീസ് ആയും രേഖപ്പെടുത്തി പോന്നു. അപ്രകാരം ലാഭം ഉണ്ടാക്കുന്ന കമ്പനി/വ്യക്തികളുടെ ചിലവുകൾ കൂട്ടി കാണിച്ച് നികുതി ഭാരം കുറക്കുന്നു, നഷ്ടത്തിൽ ഉള്ളവയുടെ മേൽ നികുതി ഭാരം വരാതെയും നോക്കുന്നു.

വിദേശ യാത്രകൾ, ആഡംബര ചിലവുകൾ, വീട്ടുവേലക്കാരുടെ ശമ്പളം, കറന്റ് ബില്ല്, മറ്റ് നിത്യനിദാന ചിലവുകൾ എന്നിവ കൈകാര്യം ചെയ്യാൻ 25 കമ്പനികൾ ആണ് രൂപീകരിച്ചിരുന്നത്. സാരാഭായ്‌ കുടുംബങ്ങളിലെ എയർ കണ്ടീഷണറുകൾ, ഫ്രിഡ്ജുകൾ, സ്റ്റവുകൾ എന്നിങ്ങനെ എല്ലാ ഗൃഹോപകരണങ്ങളും ഈ കമ്പനികളിൽ നിന്ന് വാടകക്ക് എടുത്തതായാണ് കണക്ക് കാണിച്ചിരുന്നത്.

ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത വഴികളിലൂടെ കോടികളുടെ നികുതി വെട്ടിപ്പുകൾ പിടിക്കപ്പെട്ടപ്പോൾ നികുതി വകുപ്പിനെതിരെ 4000ൽ പരം കേസുകൾ ആണ് സാരാഭായ് കുടുംബം പലപല കോടതികളിളിലും ഇൻകം ടാക്‌സ് ട്രൈബ്യൂണലിലും ഒക്കെയായി കൊടുത്തത്. ഇതിൽ പകുതിയും ട്രസ്റ്റുകളുമായി ബന്ധപ്പെട്ടുള്ളവ ആയിരുന്നു. എന്നാൽ പൊള്ളയായ ആ കേസുകൾ ഒന്നൊന്നായി പൊളിഞ്ഞു വീണു. ഈ ആയിരക്കണക്കിന് കേസുകളും, സാരാഭായ് കുടുംബത്തിന്റെ സ്വാധീനവും, സ്വന്തം അഭിഭാഷകരുടെ പടയുടെ വീറും വാശിയും ഒന്നും തട്ടിപ്പിന്റെ ബഹുല്യത്തെ മറച്ചു പിടിക്കാൻ പര്യാപ്തമല്ലായിരുന്നു.

അത്രക്കുണ്ടായിരുന്നു കൃത്രിമങ്ങളുടെ എണ്ണവും വലിപ്പവും.

ഒരിക്കൽ, ഈ 2000 ട്രസ്റ്റുകൾ രൂപീകരിച്ചതിന് ശേഷം ഇവയിൽ discretionary ട്രസ്റ്റുകളുടെ ആസ്തികൾ മുഴുവനായി specific ട്രസ്റ്റുകളിലേക്ക് മാറ്റാൻ തുടങ്ങിയിരുന്നു. Discretionary ട്രസ്റ്റുകൾക്ക് ആ സമയം ഉണ്ടായിരുന്ന നികുതി ഇളവുകൾ സർക്കാർ നിർത്തലാക്കിയത് ആയിരുന്നു കാരണം. ഇതെല്ലാം ഈ ട്രസ്റ്റുകൾ വെറും നികുതി വെട്ടിപ്പിന് വേണ്ടിയായിരുന്നു എന്ന് നിസ്സംശയം സ്ഥാപിക്കുന്ന തെളിവുകൾ ആയി. Discretionary ട്രസ്റ്റുകൾ ആയിരുന്നെങ്കിൽ അതിന്റെ beneficiary ആരെല്ലാം ആകണം എന്ന് ട്രസ്റ്റികൾക്ക് എപ്പോഴെങ്കിലും തീരുമാനിച്ചാൽ മതി എന്നതായിരുന്നു ഇപ്രകാരം രജിസ്റ്റർ ചെയ്യാനുള്ള മറ്റൊരു പ്രേരണ. Specific ട്രസ്റ്റ് ആണെങ്കിൽ രജിസ്റ്റർ ചെയ്യുമ്പോഴേ beneficiaries നെ ഡിക്ലയർ ചെയ്യണമായിരുന്നു.

മറ്റൊരു ഇടപാടിൽ 8 കോടിയുടെ gold bond പല വ്യാജ ഇന്വെസ്റ്മെന്റ് കമ്പനികൾക്കായി വിറ്റതായി കാണിച്ചു. ഈ ഇന്വെസ്റ്മെന്റ് കമ്പനികളുടെ എല്ലാം ഏക ഷെയർ ഹോൾഡർ ഈ ബോണ്ട് വിൽക്കുന്ന കക്ഷി തന്നെ ആയിരുന്നു. ദിവസങ്ങൾക്കുള്ളിൽ ആ ഷെയറുകളും ഇതേ കമ്പനികൾക്കിടയിൽ പരസ്പരം വിൽപന നടന്നതായി കാണിച്ചു. അതും നാലിലൊന്ന് മൂല്യത്തിൽ!!! ഇപ്രകാരം നഷ്ടം കാണിച്ചത് വഴിയും ലക്ഷ്യം നികുതി ലാഭം തന്നെ.

ബോണ്ടുകൾ റിഡീം ചെയ്യേണ്ട സമയമായപ്പോൾ അതും പുതിയ ട്രസ്റ്റുകളുടെ പേരിലേക്ക് മാറ്റി wealth tax ൽ നിന്ന് രക്ഷപ്പെട്ടു. ഈ ട്രസ്റ്റുകൾക്ക് മറ്റ് കമ്പനികളുടെ അനവധി ഷെയറുകൾ ദാനമായി നൽകപ്പെട്ടു. എല്ലാ കമ്പനികളും അന്യോന്യം ചെറിയ തുകകൾ കടമെടുത്ത് വലിയ തുകകൾ പലിശ ഒടുക്കുന്നതായി രേഖകൾ ഉണ്ടാക്കിയത് വഴിയും വരുമാനം കുറച്ചു കാണിക്കുകയോ നഷ്ടം രേഖപ്പെടുത്തുകയോ ചെയ്തു കൊണ്ടും നികുതി വെട്ടിച്ചു. ഇത്തരം കമ്പനികൾ എല്ലാം തന്നെ അന്യോന്യം ചെയ്യുന്ന ഇടപാടുകളിൽ തങ്ങൾക്ക് ലഭിക്കുന്ന പെയ്‌മെന്റുകളിൽ എല്ലാം ഉറവിടത്തിൽ തന്നെ നികുതി വെട്ടിക്കുറച്ചിട്ടുണ്ട് (tax deduction at source) എന്ന രീതിയിൽ കണക്ക് വെക്കുകയും, പണം നൽകുന്ന കമ്പനികൾ അത്തരം ബാധ്യതയെ കുറിച്ച് മൗനം പാലിക്കുകയും ചെയ്തു. ഇന്നത്തെ സാങ്കേതിക വിദ്യകളുടെ അഭാവത്തിൽ ഇത്തരം കൃത്രിമം നൂറുകണക്കിന് കമ്പനികളുടെ രേഖകളിൽ കണ്ടെത്തുക ഏറെക്കുറെ അസാധ്യമായിരുന്നു എന്നതായിരുന്നു തട്ടിപ്പിന്റെ ഉപജ്ഞാതാക്കളുടെ ധൈര്യം.

ഇതിനാലൊക്കെ തന്നെ കോടതികളിൽ നിന്ന് സാരാഭായ് കുടുംബത്തിന് അനിവാര്യമായ തിരിച്ചടികൾ നേരിട്ടു കൊണ്ടിരുന്നു. തുടർന്നാണ് 1986 ജനുവരിയിൽ സാരാഭായ് റേഞ്ചിലെ ഇൻകം ടാക്‌സ് കമ്മീഷണർ ശ്രീ VS ബന്തിയ, ഇൻകം ടാക്‌സ് ഓഫീസർ മദൻ ലാൽ എന്നിവർ സാരാഭായ് കുടുംബത്തിലെ സർവ്വരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്. രണ്ട് മാസക്കാലം നീണ്ട ചോദ്യം ചെയ്യലുകൾക്കൊടുവിൽ ഉദ്യോഗസ്ഥർ കെട്ടഴിച്ചത് അതിസൂക്ഷ്മമായി നെയ്തെടുത്ത തട്ടിപ്പിന്റെ ബൃഹത്തായ ചിലന്തിവലകളായിരുന്നു. ഇതിൽ നിർണായകമായത് മല്ലിക സാരാഭായിയുടെ നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലായിരുന്നു. ഇതോടെയാണ് തങ്ങൾ കേവലം ഒരു ചിലന്തിവലയല്ല, മറിച്ച് നികുതി വെട്ടിപ്പിന്റെ ഒരു വൻ സ്വർണ്ണ ഖനിയാണ് തുറന്നുകൊണ്ടിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ തിരിച്ചറിയുന്നത്.

ഇതോടെ നികുതി വകുപ്പിന്റെ നിസ്സാരമായ ക്ലെയിമുകൾക്ക് എതിരെ പോലും തുരുതുരാ കേസുകൾ ഫയൽ ചെയ്തിരുന്ന സാരാഭായ് കുടുംബം സ്വമേധയാ പ്രതിവർഷം 60 ലക്ഷം കുടിശിക അടച്ചോളാം എന്ന് പറഞ്ഞു രംഗത്ത് വന്നത് കണ്ട് നികുതിവിഭാഗം ഉദ്യോഗസ്ഥർ പോലും ഞെട്ടി. തുടർന്നും അന്വേഷണം പുരോഗമിക്കുകയും പ്രതിവർഷം 80 ലക്ഷം കുടിശിക അടവാക്കാൻ തീർപ്പാവുകയും ചെയ്തു. സാരാഭായ് കുടുംബം Central Board of Direct Taxes ൽ അപ്പീൽ പോയെങ്കിലും ഫലമുണ്ടായില്ല.

മുന്നേ പരാമർശിച്ച ട്രസ്റ്റുകൾക്ക് നിലനിന്നിരുന്ന നികുതി ഇളവുകൾ 1981ൽ പിൻവലിച്ചത് തന്നെ സാരാഭായ് കുടുംബത്തിന്റെ തട്ടിപ്പിന്റെ ബാഹുല്യം കാരണമായിരുന്നു. ഇതോടെ ഉടനെ തന്നെ നാലിലൊരു ഭാഗം ട്രസ്റ്റുകളും അവർ പൂട്ടിക്കെട്ടി. നൂറുകണക്കിന് ട്രസ്റ്റുകൾ പൂട്ടാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് ഇവർ ഈ ട്രസ്റ്റുകളുടെ ആസ്തികൾ 400ൽ അധികം കമ്പനികളിലേക്കായി മാറ്റാൻ തുടങ്ങിയതോടെ സർക്കാരിന് 1984ൽ കമ്പനികൾക്ക് ഉണ്ടായിരുന്ന wealth tax excemption നും നീക്കം ചെയ്യേണ്ടി വന്നു.

തീർന്നില്ല....

ഈ ട്രസ്റ്റുകളിൽ എല്ലാം സാലറി എഴുതി തള്ളിയിരുന്നത് ഒരേ തൊഴിലാളികൾക്ക് ആയിരുന്നു. ഭൂരിഭാഗം തൊഴിലാളികളും കടലാസിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മിക്ക കമ്പനികൾക്കും ഒരേ അഡ്രസ് ആയിരുന്നു. നികുതി വകുപ്പ് കണ്ടെത്തിയത് പ്രകാരം 40 കമ്പനികളുടെ ഹെഡ് ഓഫീസ് പ്രവർത്തിച്ചിരുന്നത് ഒരേ കുടുസ്സുമുറിയിൽ ആയിരുന്നു. എല്ലാ തൊഴിലാളികളെയും ഏതാനും വർഷങ്ങളുടെ ഇടവേളകളിൽ ഒരു കമ്പനിയിൽ നിന്ന് പിരിച്ചു വിട്ട് മറ്റൊരു കമ്പനിയിൽ ജോലിക്കെടുത്തതായി രേഖകളിൽ കാണിച്ചു കൊണ്ടിരുന്നു. അഞ്ച് വർഷം തുടർച്ചയായി ഒരേ കമ്പനിയിൽ ജോലി ചെയ്താൽ നൽകേണ്ടിയിരുന്ന ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. ഇതെല്ലാം സാധൂകരിക്കുന്ന ഈ തൊഴികളികളുടെ തന്നെ അനേകം സാക്ഷി മൊഴികളും നികുതി വകുപ്പിന്റെ വാദങ്ങൾക്ക് ശക്തി പകർന്നു.

ഇതിനെല്ലാം ശേഷം നികുതി വകുപ്പിന്റെ തന്നെ രേഖകൾ പ്രകാരം അവർക്ക് പൂർണ്ണമായും കെട്ടഴിക്കാൻ കഴിഞ്ഞത് 2000 ട്രസ്റ്റുകളിൽ 800 എണ്ണം മാത്രമാണ്. ഈ 800 എണ്ണത്തിന്റെ കണക്കിൽ മാത്രം സാരാഭായ് കുടുംബം 3 കോടി പിഴയും അതിന്റെ പലിശയും അടക്കേണ്ടതായി വന്നു. സ്വർണ്ണം കൈകാര്യം ചെയ്തിരുന്ന കമ്പനികളുടെ ഇടപാടുകൾ മാത്രം ഉരുക്കഴിച്ചെടുക്കാൻ നിയമ വകുപ്പ് നീണ്ട 9 മാസങ്ങൾ വിയർപ്പൊഴുക്കേണ്ടി വന്നു.

ഇത്തരത്തിൽ തട്ടിപ്പുകളുടെ ബാഹുല്യം കൊണ്ടും, നികുതിവിഭാഗം ഉദ്യോഗസ്ഥർ നേരിട്ട സമാനതകളില്ലാത്ത വെല്ലുവിളികൾ കൊണ്ടും കുപ്രസിദ്ധമായ സാരാഭായ് നികുതി വെട്ടിപ്പ് കേസ് ചരിത്രത്തിൽ ഇടം പിടിച്ചു. സാരാഭായ് കുടുംബത്തിന്റെ അഭിഭാഷകർക്ക് പോലും തങ്ങളുടെ മുതലാളിമാർക്ക് യുക്തിക്ക് നിരക്കാത്ത വിധം ട്രസ്റ്റുകളും കമ്പനികളും രൂപീകരിച്ച് നിയമവ്യവസ്ഥയെ കബളിപ്പിക്കുന്നത് ഒരു "മാനിയ" ആണെന്ന് ഉദ്യോഗസ്ഥർക്ക് മുന്നിൽ സമ്മതിക്കേണ്ടി വന്നു. ഇത്തരത്തിൽ അഹിതമായ രീതിയിൽ സമ്പാദിക്കാനുള്ള അടങ്ങാത്ത ത്വരയാണ് ആ കുടുംബത്തിന്റെ ശ്രദ്ധ നേരായ ബിസിനസുകളിൽ നിന്നും ഇത്തരം തട്ടിപ്പുകളിലേക്ക് തിരിച്ചത് എന്നും, കുടുംബ സംരംഭങ്ങൾ ഒന്നൊന്നായി തകർന്നതിന്റെ കാരണം മറ്റൊന്നാവാൻ തരമില്ല എന്നും ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല.

അവലംബം: 1987 ഏപ്രിൽ 15ലെ ഇന്ത്യാ ടുഡേ ആർട്ടിക്കിൾ. 

What's Your Reaction?

like

dislike

love

funny

angry

sad

wow