വജ്രലേപ കൂട്ടുകൾ ഭാഗം 1

വജ്രലേപ കൂട്ടുകൾ ഭാഗം 1

#KnowYourRoots 2

നിര്മാണപ്രക്രിയയിൽ വളരെയധികം ഉപയോഗം വരുന്ന സംഗതിയാണ് പലതരം സംയോജന മിശ്രിതങ്ങൾ . ഇന്ന് സർവ്വവ്യാപകമായി ഉപയോഗിക്കുന്ന സംയോജന മിശ്രിതം സിമന്റും മണലുമാണ്. യഥാർത്ഥത്തിൽ ഈ സിമന്റും മണലും അല്ലാതെ മറ്റൊരു സംയോജന മിശ്രിതം നിലവിൽ അധികമാർക്കും അറിയുകയും ഇല്ല. പിന്നെ അറിവുള്ളത് പലതരം resin based പശകൾ ആണ്. 

പുരാതന ഭാരതീയ സാങ്കേതികവിദ്യകളിൽ പലതരം സംയോജന മിശ്രിതങ്ങളും, അതിശക്തമായ പലതരം പശകളും അവയുടെ നിർമ്മാണരീതികളും വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. 

അത്തരം പുരാതന നിർമ്മാണ പ്രക്രിയകളിൽ ഉപയോഗിച്ചിരുന്ന പലതരം പശകളുടെയും സംയോജന മിശ്രിതങ്ങളുടെയും ലഭ്യമായ വിവരങ്ങൾ വെച്ച് ഒരു ചെറു സീരീസ് തുടങ്ങുന്നു.

ആദ്യം സുർഖിയിൽ നിന്ന് തന്നെ തുടങ്ങാം...

സുർഖി
----------------

ഏറ്റവും പ്രചുരപ്രചാരം ഉണ്ടായിരുന്ന സംയോജന മിശ്രിതം ആണ് സുർഖി. ചെറുവീടുകൾ മുതലിങ്ങോട്ട് മുല്ലപ്പെരിയാർ അണക്കെട്ട് വരെ അതിന്റെ ഉപയോഗം കാണാം. സുർഖിയുടെ അടിസ്ഥാനപരമായ കൂട്ട് താഴെ പറയുംപ്രകാരം ആണ്. 

● ചുട്ട മണ്ണ് പൊടിച്ച് അരിച്ചെടുത്തത്. മുൻപത്തെ "ഇഷ്ടിക" പോസ്റ്റിൽ പ്രതിപാദിച്ച നപുംസക ഗുണമുള്ള ഇഷ്ടികകൾ ഇതിനായി പൊടിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
● കക്ക/ഇത്തിൾ നീറ്റിയ ഫ്രഷ് കുമ്മായം
● ചകിരി നാര്/ചെറുതായി അരിഞ്ഞ വൈക്കോൽ
● ശർക്കര
● കടുക്ക
● ഗോമൂത്രം

ശർക്കര വെള്ളം ചേർത്ത് ഉരുക്കി അതിൽ കടുക്ക പൊടിച്ചിട്ട് ഒന്ന് തിളപ്പിച്ച് വാങ്ങി വെക്കുന്നു. തുടർന്ന് 2-3 ദിവസം അടച്ചു വെച്ചു പുളിപ്പിക്കുന്നു.

അരിച്ചെടുത്ത ചുട്ട മണ്ണിൽ നീറ്റിയ കുമ്മായം ചേർത്ത് നന്നായി കൂട്ടിയിളക്കി പുളിപ്പിച്ച ശർക്കര-കടുക്ക മിശ്രിതം ചേർത്ത് ചവിട്ടിക്കുഴക്കുന്നു.

ഇതിലേക്ക് ചെയ്യാനുള്ള പണിയുടെ സ്വഭാവവും ഉണ്ടാക്കിയ മിശ്രിതത്തിന്റെ പശിമയും ഒക്കെ നോക്കി വേണ്ട പോലെ കളിച്ചെടി, കറ്റാർ വാഴ എന്നിവയും അൽപം പഴകാത്ത ചാണകവും ഉപയോഗിക്കാം. ചാണകത്തിന്റെ ചൂട് മാറും മുന്നേ ഉപയോഗിക്കണം എന്നാണ് പറയുക. പ്ലാസ്റ്ററിങ് അഥവാ പൂശുവാൻ വേണ്ടിയാണ് സാധാരണ ഇത്തരം അധിക ചേരുവകൾ ഉപയോഗിക്കുന്നത്. കല്ലോ ഇഷ്ടികയോ പടുക്കുവാൻ ഇത് വേണമെന്നില്ല. പടവിനായി മേൽപ്പറഞ്ഞ ചവിട്ടിക്കുഴച്ച മിശ്രിതത്തിലേക്ക് ആറ്റുമണൽ കൂടെ സമമായോ അൽപം അധികമോ ചേർക്കാം.

വെള്ളം പിടിക്കാതിരിക്കാൻ തേക്ക്, ആര്യവേപ്പ് മുതലായ ഏതാനും വൃക്ഷങ്ങളുടെ തോൽ അരച്ചതോ, കറകളോ ചേർക്കാം. ഇത് ആവശ്യമെങ്കിൽ മാത്രം മതി.

തുടർന്ന് വായു കടക്കാത്ത ഭരണികളിൽ 7-10 ദിവസം വീണ്ടും പുളിപ്പിക്കാൻ വെക്കുന്നു. (ഇതും പ്ലാസ്റ്ററിങ്ങിന് വേണ്ടിയാണ്, പടവിനാണെങ്കിൽ പിറ്റേന്ന് ഉപയോഗിക്കാം.)

തുടർന്ന് ഭരണി തുറന്നെടുക്കുന്ന മിശ്രിതത്തിൽ പണിയുന്നതിന് ആവശ്യമായ കൺസിസ്റ്റൻസിക്ക് വേണ്ടത്ര ഗോമൂത്രം ചേർത്ത് പ്രയോഗിക്കാം. ഗോമൂത്രത്തിന് പകരം വെള്ളവും ഉപയോഗിക്കാം. മിശ്രിതത്തിന്റെ ഇന്റഗ്രിറ്റി അൽപം കുറയും എന്നു മാത്രം. അതായത് ഗോമൂത്രം ചേർത്ത സുർഖി കൊണ്ട് പൂശിയ ഭിത്തിയിലും വെള്ളം ചേർത്തു ചെയ്ത ഭിത്തിയിലും ഒരാണി അടിച്ചു നോക്കിയാൽ വ്യത്യാസമറിയാം. വെള്ളം ചേർത്തു ചെയ്ത ഭിത്തിയിൽ വിള്ളൽ വരാൻ സാധ്യത കൂടുതലാണ്.

സുർഖി കൊണ്ട് കല്ലോ ഇഷ്ടികയോ പടുക്കുവാനും ഭിത്തികൾ തേക്കുവാനും/പൂശുവാനും ഉപയോഗിക്കാം. ആവശ്യമെങ്കിൽ ജലവികർഷണ ഗുണം കൂടെ നൽകാവുന്നതാണ്. അതിനായി നാളികേര വെള്ളം, മുട്ടയുടെ വെള്ള, കടലമാവ്, നെയ്യ്, കട്ടിത്തൈര്, പശുവിൻ പാൽ, തൃഫല വറ്റിച്ചത്, ആൽമരത്തിൻറെ വേര് അരച്ചെടുത്ത നീര് എന്നിങ്ങനെ പല ചേരുവകൾ കൂടെ ചേർക്കാവുന്നതാണ്. അത് ഇനിയൊരു പോസ്റ്റിൽ വിശദമാക്കാം.

ഒരു പേരിന് വേണമെങ്കിൽ ഇവയെല്ലാം ഇത്രയിത്ര അനുപാതത്തിൽ ചേർക്കണം എന്നു പറയാം. അവിടെയാണ് ഭാരതീയ സാങ്കേതിക വിദ്യകൾ വ്യത്യസ്തമാവുന്നത്. ചെയ്യാനുള്ള പണികൾക്കനുസരിച്ച് ഓരോ കൂട്ടും സ്ഥപതിയുടെ മനോധർമ്മപ്രകാരം ഉള്ള അനുപാതങ്ങളിൽ അപ്പപ്പോൾ തയ്യാറാക്കുന്നതാണ്. സ്ഥാപത്യത്തിന്റെ പൂർണ്ണ അധികാരി മുന്നിൽ നിന്ന് പണിയെടുത്ത് നയിക്കുന്ന സ്ഥാപതിയാണ്. ഒരു പ്രോജക്റ്റ് മാനേജരുടെയോ ആർക്കിടെക്റ്റിന്റെയോ, എഞ്ചിനീയറുടെയോ വാറോലകൾക്ക് അവിടെ സ്ഥാനമില്ല. ഗുണമേത് എന്ന് ചെയ്തു വെച്ച സൃഷ്ടികൾ വെച്ച് ആർക്കും വിലയിരുത്താം.

#KnowYourRoots

What's Your Reaction?

like

dislike

love

funny

angry

sad

wow