പുരാതന ഭാരതത്തിലെ ജലശുദ്ധീകരണ രീതികൾ

പുരാതന ഭാരതത്തിലെ ജലശുദ്ധീകരണ രീതികൾ

#KnowYourRoots

കിണർ വെള്ളത്തിന് ചെളിയുടെയോ മറ്റോ ചുവകളോ, ഉപ്പുരസമോ, ദുർഗന്ധമോ ഉണ്ടെങ്കിൽ കിണറ്റിൽ ഇടേണ്ട ചേരുവകൾ:

    ● അഞ്ജനക്കല്ല്‌
    ● മുത്തങ്ങ(Cyperus Rotendus)
    ● ഇരുവേലി (Andropogon Virginicus)
    ● പീച്ചിങ്ങ ഉണക്കി പൊടിച്ചത്(Luffa cylindrica)
    ● കടുക്ക (Terminalia Chebula)
    ● തേറ്റാമ്പരലിൻ കുരു (Strychnos Potatorum)

ഇവ ചേർത്താൽ ക്രമേണ വെള്ളത്തിന് തെളിമയും, രുചിയും മറ്റനേകം ഗുണങ്ങളും കൈവരുന്നു എന്ന് ബൃഹദ്‌സംഹിത 54ആം അധ്യായം 121, 122 ശ്ലോകങ്ങൾ പറയുന്നു..

***മുൻ പോസ്റ്റിലെ മുന്നറിയിപ്പ് ഓർക്കുക. അഞ്ചനക്കല്ല് പ്രശ്നക്കാരനാണ്. മറ്റുള്ളവ മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല.

 ◇ തേറ്റാമ്പരലിൻ കുരു കലക്കവെള്ളം തെളിയാൻ ഉത്തമമാണ്
 ◇ രാമച്ചം വെള്ളത്തിന് ഔഷധഗുണവും സുഗന്ധവും നൽകുന്നു
 ◇ കടുക്ക, മുത്തങ്ങ, ഇരുവേലി എന്നിവ പരിമിതമായ അളവിൽ അനുണശീകരണം നടത്തുന്നു. ചെറിയ അളവിൽ ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഉപയോഗിക്കാം
 ◇ തുളസിയും വില്വപത്രവും കുടിവെള്ളത്തിന്റെ ഷെൽഫ് ലൈഫ് അഥവാ സൂക്ഷിച്ചു വെക്കാവുന്ന കാലാവധി വർദ്ധിപ്പിക്കുന്നു
 ◇ ഞാവൽ മരത്തിന്റെ കാതൽ മികച്ച പായൽനാശിനി ആണ്. വേണ്ടത്ര അളവിൽ വെള്ളത്തിൽ ഇട്ടാൽ 24 മണിക്കൂർ കൊണ്ട് പായൽ പോയിക്കിട്ടും
 ◇ മുരിങ്ങയുടെ കുരുവും കലങ്ങിയ വെള്ളം തെളിയാൻ ഉത്തമമാണ്
 ◇ മുരിങ്ങയുടെ ഇലകൾ വെള്ളത്തിന് ആരോഗ്യദായകമായ ഗുണങ്ങൾ നൽകുന്നു. കിണറ്റിൻ കരയിൽ മുരിങ്ങ നടാൻ കാരണവന്മാർ പറഞ്ഞിരുന്നതിനെ നാം ഇന്നും പുച്ഛിക്കാറുണ്ടല്ലോ...

പന്ത്രണ്ടാം നൂറ്റാണ്ടിലെ അഭിലാഷാർത്ഥ ചിന്താമണി എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്ന ജലശുദ്ധീകരണ രീതി നോക്കാം...

ചേരുവകൾ
     ● രാമച്ചം (Chrysopogon zizanioides)
     ● ചന്ദനം
     ● തിപ്പലി (Piper longum)
     ● മുത്തങ്ങ
     ● ഏലക്ക
     ● പാകിസ്ഥാനിലെ മുൾട്ടാനിലെ കളിമണ്ണ്

കളിമണ്ണ് ഒഴികെയുള്ള ചേരുവകൾ അരച്ചു ചേർത്ത മിശ്രിതം കളിമണ്ണിൽ പൊതിഞ്ഞു പയറുമണിയോളം പോന്ന പെല്ലറ്റുകൾ ആക്കുന്നു. തുടർന്ന് ഈ പെല്ലറ്റുകൾ 600 ഡിഗ്രിക്ക് മേൽ ചൂടാക്കുന്നു. അതോടെ അവയിലെ മാലിന്യങ്ങൾ എല്ലാം പോയി ശുദ്ധീകരിക്കപ്പെടുന്ന പെല്ലറ്റുകൾ ഏകദേശം അഞ്ച് ലിറ്ററിന് ഒരു പെല്ലറ്റ് എന്ന കണക്കിൽ കിണറ്റിൽ ഇടുക.

വിശ്വേശരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഇപ്രകാരം നടത്തിയ പരീക്ഷണത്തിന്റെ റിസൽറ്റുകൾ താഴെ...

Dissolved Oxygen(DO) levels: 5ൽ നിന്ന് 11ലേക്ക് ഉയർന്നു

Chemical Oxygen Demand(COD) levels: 51ൽ നിന്ന് 220 ലേക്ക് ഉയർന്നു

Most Probable Number(MPN) levels: 2400ൽ നിന്ന് 14ലേക്ക് താഴ്ന്നു.

*Dissolved Oxygen: പേര് സൂചിപ്പിക്കുന്ന പോലെ വെള്ളത്തിൽ അലിഞ്ഞു ചേർന്ന് ഓക്സിജന്റെ അളവ്. ഈ ഓക്സിജൻ ആണ് മൽസ്യവും ജലത്തിലെ മറ്റ് ഉപകാരികളായ ബാക്ടീരിയകളും ശ്വസിക്കുന്നത്. ഈ ഉപകാരികൾ ആയ ബാക്ടീരിയകൾ ആണ് വെള്ളത്തിലെ മാലിന്യങ്ങളെ വിഘടിപ്പിച്ച് കാർബൺ ഡയോക്സൈഡും ഹൈഡ്രജനും ആക്കുന്നത്.

**Chemical Oxygen Demand: ഇത് ജലത്തിൽ ഉള്ള മൊത്തം ജൈവ സാനിധ്യത്തിന്റെ അളവാണ്. ഇതിൽ ഉപകാരികൾ ആയ ജൈവ സാന്നിധ്യം കൂടുന്തോറും മാലിന്യങ്ങൾ കുറയും

*** Most Probable Number: MPN ജലത്തിലെ ഇ കോളി ഉൾപ്പടെയുള്ള കോളിഫോം ബാക്ടീരിയകളുടെ മൊത്തം അളവ് ആണെന്ന് പറയാം.

ഈ പെല്ലറ്റുകൾ കൊണ്ടുൽ ശുദ്ധീകരണ രീതിക്ക് 2011ൽ, VNITയിലെ Dr. ദേവ്പൂജാരി, Dr. മന്ദവ്ഗാനെ എന്നിവർ പേറ്റന്റ് സ്വന്തമാക്കി.

ഇപ്രകാരം സുശ്രുത സംഹിതയിൽ ജലശുദ്ധീകരണത്തെ കുറിച്ച് സുശ്രുതൻ വിവരിക്കുന്നുണ്ട്. ജലപ്രസാധാനം എന്നാണ് സുശ്രുതമുനി പറയുന്നത്. കൊഴുത്തതും, പായൽ ഉള്ളതും, സൂര്യപ്രകാശം ഏൽക്കാത്തത്, വായുവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടത് അഥവാ അടഞ്ഞു കിടക്കുന്നത് ആയ ജലശയങ്ങളിലെ വെള്ളം കുടിക്കരുത് എന്ന് സുശ്രുതമുനി നിർദ്ദേശിക്കുന്നു. അത്തരം ജലം തിളപ്പിച്ചോ, വെയിലിൽ വെച്ചു ചൂടാക്കിയോ, ചൂടാക്കിയ മണൽ തരികളോ ഉപയോഗിച്ച് ശുദ്ധീകരിക്കണം. അതിന് ശേഷം ഏതാനും പൂക്കൾ ജലത്തിൽ ഇട്ട് വെക്കുന്നത് വഴി കൂടുതൽ ശുദ്ധീകരിക്കാൻ കഴിയും എന്നും പരാമർശം ഉണ്ട്. താഴെപ്പറയുന്ന പൂക്കൾ ആണ് സുശ്രുതൻ നിർദ്ദേശിക്കുന്നത്

    ● താമര (Nelumbo Nucifera)
    ● നാഗകേസരം (Mesua Ferrea)
    ● ചെമ്പകം* (Michelia Chambaka)
    ● കരിങ്ങഴ (stereospermum suaveolens)

*ഇത് കിണർ വെള്ളം ശുദ്ധീകരിക്കാൻ അല്ല. കോരിയെടുത്ത് കൂജയിൽ വെച്ച വെള്ളം ശുദ്ധീകരിക്കാൻ ആണ്.

ഇതിന്റെ ശാസ്ത്രീയ സാധുത ഇപ്പോൾ പഠനത്തിൽ ഇരിക്കുകയാണ്. റിസൽറ്റുകൾക്കായി കാത്തിരിക്കാം...

ഇപ്രകാരം സുശ്രുതസംഹിതയിൽ പറയുന്ന മറ്റൊരു രീതിയാണ് കലുഷസ്യ പ്രസാധനം.  

ചേരുവകൾ:
    ● തേറ്റാമ്പരലിൻ കുരു (Strychnos Potatorum)
    ● ഗോമേദകം
    ● കൈമ്പായൽ/കരിമ്പായൽ(Ceratophyllum  demersum)
    ● പരുത്തിതുണി
    ● മുത്ത്
    ● മണി (ചെറിയ ഉരുളൻ കല്ലുകൾ എന്നും precious/semi precious stone എന്നും അർത്ഥമുണ്ട്. ഇതിൽ ഏതാണ് എന്ന് വ്യക്തമല്ല) 

തെറ്റാമ്പലിൻ കുരു രണ്ടായി മുറിച്ച് ആ മുറിച്ച വശം കൊണ്ട് വെള്ളമൊഴിച്ചു വെക്കേണ്ട പത്രത്തിന്റെ ഉൾവശത്ത് മുഴുവനും അതിന്റെ പൊടി ലേപനം ചെയ്യുമാറ് ഉരക്കുക. തുടർന്ന് വെള്ളം ആ പാത്രത്തിൽ ഒഴിച്ചു അതിലേക്ക് ഗോമേദകവും കൈമ്പായലും ഇടുക. വെള്ളത്തിലെ മാലിന്യം പെട്ടെന്ന് താഴെ അടിയാൻ തുടങ്ങുന്നു. ശേഷം തുണിയിൽ അരിച്ചെടുക്കുന്ന ജലത്തിൽ മുത്തും മണിയും ഇട്ടു വെക്കുന്നു.

ഇതിന്റെ ശാസ്ത്രീയ വശം മനസ്സിലാക്കാൻ ഇനിയും വേണ്ടത്ര പഠനം നടന്നിട്ടില്ല. നടക്കുമെന്ന് പ്രതീക്ഷിക്കാം.

മേൽപ്പറഞ്ഞ രണ്ടു രീതികളും ചേർത്ത് വേണമെങ്കിൽ പ്രയോഗിക്കാവുന്നതാണ്

#KnowYourRoots

What's Your Reaction?

like

dislike

love

funny

angry

sad

wow